ന്യൂഡല്‍ഹി: ഇന്നലെ രാജ്യസഭയില്‍ പാസ്സാക്കിയ ജമ്മു കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടുചെയ്തപ്പോള്‍ 61 പേർ എതിർത്തു വോട്ടു ചെയ്തു. രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും ജമ്മുകശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ അവതരിപ്പിച്ചിരുന്നു. ഇവയുടെ മേല്‍ ഇന്ന് ചര്‍ച്ച നടക്കും.


ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗത്തിന് ശേഷം  ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. പിന്നീട് 370-ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള ബില്‍ പാസാക്കി. ഒടുവിലായാണ് ജമ്മു കശ്മീര്‍ വിഭജന ബില്ലും പാസാക്കിയത്. 


വിഭജനബില്ലില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ലിപ്പ് നല്‍കി വോട്ടെടുപ്പ് നടത്തി. വോട്ടിംഗ് ബട്ടണില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ലിപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അംഗങ്ങളോട് രാജ്യസഭാ അധ്യക്ഷന്‍ നിര്‍ദേശിച്ചു. 


കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. 


മേഖലയിലെ അഴിമതിയും ദാരിദ്രവും ഇതിലൂടെ വര്‍ധിക്കുകയാണ് ചെയ്തതെന്നും കശ്മീർ ബില്ലിലെ ചർച്ചകൾക്ക് രാജ്യസഭയിൽ മറുപടി പറയവെ അമിത് ഷാ ചൂണ്ടിക്കാട്ടി. 


താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.


രാജ്യസഭയിലെ പിഡിപി അംഗങ്ങള്‍ അതിരൂക്ഷമായി ബില്ലിനെതിരെ പ്രതികരിച്ചപ്പോള്‍ ആം ആദ്മി, ടിഡിപി പാര്‍ട്ടികളുടെ അപ്രതീക്ഷിത പിന്തുണ വിഷയത്തില്‍ കോണ്‍ഗ്രസിന് കിട്ടി. 


ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുന്നതായാണ് സൂചന. രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് പാര്‍ട്ടി നിലപാടിനോട് വിയോജിച്ച് രാജിവച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി.  


ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. വോട്ടെടുപ്പ് സാധ്യത കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായവും ഉടലെടുത്തിട്ടുണ്ട്.


രാജ്യ സഭയിലെന്ന പോലെ ലോക്‌സഭയിലും കോണ്‍ഗ്രസും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായവും ശക്തമായിട്ടുണ്ട്. ബില്ലിനെ കണ്ണടച്ച് എതിര്‍ക്കുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് ജനാര്‍ദ്ദന്‍ ത്രിവേദി ഉള്‍പ്പടെയുള്ള നേതാക്കള്‍.


കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് രാഷ്ട്രപതി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ജമ്മുകശ്മീരിനെ ലഡാക്ക് എന്നും ജമ്മുകശ്മീര്‍ എന്നുമായി വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുക എന്നതാണ് വിഭജന ബില്ലിലെ ശുപാര്‍ശ. 


ശക്തമായ ഭൂരിപക്ഷ മുള്ളതിനാല്‍ ബില്ല് ലോക്‌സഭയില്‍ പ്രയാസം കൂടാതെ പാസാക്കാനാകും എന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.