ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച കേസ് സുപ്രിം കോടതി വിധി പറയാനായി മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദം ഒന്നരമണിക്കൂര്‍ നീണ്ടിരുന്നു. ഇതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.


അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്‍റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഈ നീക്കം.


ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്. ഈ കേസ് സ്വകാര്യ ഭൂതര്‍ക്കമായല്ല കാണുന്നത് എന്നും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടിയായാണ്‌ എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ, ഒരു ഒത്തു തീര്‍പ്പിന് ഒരു ശതമാനമെങ്കിലും സാധ്യത ബാക്കിയുണ്ടെങ്കില്‍ അതാണ് നല്ലതെന്നും ഭരണഘടന ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.


രാവിലെ 10.30ന് വാദം തുടങ്ങിയ ഉടന്‍ തന്നെ ഹര്‍ജിക്കാര്‍ മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച തങ്ങളുടെ കക്ഷികളുടെ നിലപാട് അറിയിക്കുകയായിരുന്നു. സുന്നി വഖ്ഫ് ബോര്‍ഡും ഹൈന്ദവ ട്രസ്റ്റ് നിര്‍മോഹി അഖാഡയും മധ്യസ്ഥ ചര്‍ച്ചയ്ക്ക് അനുകൂലമാണെന്ന് അറിയിച്ചപ്പോള്‍ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള കേസിലെ പ്രധാനകക്ഷി രാംലല്ല മധ്യസ്ഥചര്‍ച്ചയെ എതിര്‍ത്തു. അതേസമയം, മധ്യസ്ഥ ചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും വഖ്ഫ് ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു.


മധ്യസ്ഥചര്‍ച്ചയെ എതിര്‍ത്ത സംഘ്പരിവാര്‍ അഭിഭാഷകന്‍റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും നിലപാടുകളോട് ബെഞ്ചിലെ ജസ്റ്റിസ് ബെബ്‌ഡെ വിയോജിച്ചു. മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ചര്‍ച്ചയ്ക്കു മുന്‍പേ എങ്ങനെ പറയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിന്‍റെ ഗൗരവം കോടതിക്ക് അറിയാം. ഇത് ഭൂമിയുടെ ഉടമസ്ഥാവകാശതര്‍ക്കം മാത്രമല്ല, വികാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും വിഷയമാണ് എന്നുംഅദ്ദേഹം പറഞ്ഞു.


മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പിടിച്ചോ അമ്പലം തകര്‍ത്തോ തുടങ്ങിയ വിഷയങ്ങള്‍ അല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. ഈ വിഷയം എങ്ങനെ പരിഹരിക്കാനാവും എന്നതാണ്. മധ്യസ്ഥത്തിന് വിടുകയാണെങ്കില്‍ ഒരു മധ്യസ്ഥന്‍ ആയിരിക്കില്ല. ഒരുകൂട്ടം മധ്യസ്ഥര്‍ ആയിരിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ ഏതെങ്കിലും ഒരു കക്ഷി മാധ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയാല്‍ എന്ത് ചെയ്യാന്‍ കഴിയും ? മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഞങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ ? യെന്നും ബോബ്‌ഡെ ചോദിച്ചു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ആവശ്യമാണെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് ആവശ്യപ്പെട്ടു.


കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സമവായ നീക്കമെന്നാശയം ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് മുന്നോട്ട് വെച്ചത്.  
മധ്യസ്ഥ ചര്‍ച്ചകള്‍ മുന്‍ കാലങ്ങളില്‍ പരാജയപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഒരു തവണ കൂടി ശ്രമിച്ച്‌ നോക്കാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്‍റെ പ്രതികരണം. മധ്യസ്ഥ ചര്‍ച്ചകളെന്ന നിര്‍ദ്ദേശത്തോട് രാമജന്മഭൂമി ന്യാസ് ഉള്‍പ്പെടേയുള്ള ഹിന്ദു കക്ഷികള്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ഈ വിഷയത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ കേസ് ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചത്. 


അതേസമയം, ശ്രീ ശ്രീ രവിശങ്കറിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. 


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ അജണ്ടയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യകേസില്‍ അന്തിമമായ തീര്‍പ്പുണ്ടാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.