ന്യൂഡല്‍ഹി: അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. അഖില ഭാരതീയ ഹിന്ദുമഹാസഭയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബര്‍ 29ന് അയോധ്യ കേസ് പരിഗണിച്ച വേളയില്‍, കേസ് പരിഗണിക്കുന്ന തീയതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷോര്‍ കൗള്‍, കെ എം ജോസ്ഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചായിരിക്കും കേസ് പരിഗണിക്കേണ്ട ബെഞ്ചും തീയതിയും തീരുമാനിക്കുക.


തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. 2010 ലാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി വന്നത്. 


തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍‌ ഉള്‍പ്പെടെ അയോധ്യ കേസുമായി ബന്ധപ്പെട്ട പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. 


കഴിഞ്ഞ സെപ്റ്റംബര്‍ 27ന്, പള്ളികള്‍ മുസ്ലിം ആരാധനയ്ക്ക് അനിവാര്യമല്ല എന്ന 1994ല്‍ നടന്ന വിധിയെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.