ബംഗളൂരു: ബംഗളൂരുവില്‍ കത്തുന്ന തടാകങ്ങള്‍ തുടര്‍കഥയാകുന്നു. ബെല്ലന്തൂര്‍ തടാകത്തില്‍ ഇന്നലെ വൈകീട്ട് നാലോടെ തുടങ്ങിയ തീ കെടുത്താനുള്ള തന്ത്രമറിയാതെ കുടുങ്ങിയിരിക്കുകയാണ് അഗ്നിശമന സേനാംഗങ്ങള്‍. കനത്ത പുക കാരണം സമീപത്തെ റോഡില്‍ വാഹനമോടിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വ്യവസായ ശാലകളില്‍നിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങള്‍ ബെലന്തൂര്‍ തടാകത്തില്‍ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമാണ്.


കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. പുക ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചതോടെ ആളുകള്‍ ഒഴിഞ്ഞു പോകേണ്ടുന്ന സ്ഥിതിയാണുള്ളത്.


മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കാന്‍ അനുവദിച്ച കോടികള്‍ പാഴായതായും റിപ്പോര്‍ട്ടുകളുണ്ട്.