ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിലെ അക്രമത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശില്‍ അഞ്ചു പേരും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഓരോരുത്തരും വീതമാണ് കൊല്ലപ്പെട്ടത്. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസേനയുടെ സഹായം തേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രസേനയുടെ സഹായം തേടിയതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ആവശ്യപ്പെടുന്നത് പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 


വ്യാപക അക്രമം റിപ്പോര്‍ട്ട ചെയ്ത ജാര്‍ഖണ്ഡില്‍ ആയിരത്തോളം ദളിത് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. റാഞ്ചിയില്‍ നിന്ന് 763 പേരെയും സിംഗ്ഭൂമില്‍ നിന്ന് 850 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലും ദളിത് സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ ഉത്തര്‍പ്രദേശില്‍ 448 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. 


സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രശ്നബാധിത മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്‍റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. പ്രതിപക്ഷം പ്രശ്നത്തെ രാഷ്ട്രീവല്‍ക്കരിക്കുകയാണ് രാംവിലാസ് പാസ്വാന്‍ ആരോപിച്ചു. 


അക്രമങ്ങളുടെ പേരില്‍ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മയെ ഉത്തര്‍പ്രേദശ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷങ്ങളുടെ മുഖ്യസൂത്രധാരനാണ് എംഎല്‍എയെന്ന് മീററ്റ് എസ്എസ്പി മന്‍സില്‍ സൈനി പറഞ്ഞു. അതേസമയം അക്രമങ്ങള്‍ക്ക് പിന്നില്‍ ബിഎസ്പിയാണെന്ന വാദം ബിഎസ്പിഅധ്യക്ഷ മായാവതി നിഷേധിച്ചു. 


അതേസമയം പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ നിലപാട് കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.