ന്യൂഡല്‍ഹി: ദളിതന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള പ്രഹസനം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാതി വിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിക്കാന്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കണ്ട ആവശ്യമില്ല, അതിന് സ്വാഭാവിക രീതിയുള്ള ഇടപെടലും പ്രവര്‍ത്തനവും ധാരാളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ മാധ്യമ ശ്രദ്ധനേടാന്‍ താത്കാലികമായി താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകമല്ല വേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 


ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. നമ്മള്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്‌ അവരോട് ഇടപെടുന്നത് പോലെ അവരെ നമ്മുടെ വീട്ടിലേക്കും ക്ഷണിച്ച്‌ നമ്മളോടൊപ്പം ചേര്‍ക്കണം. അങ്ങനെ മാത്രമേ ജാതി വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ. അല്ലാതെ അവരുടെ വീട്ടിലേക്ക് പോവുന്നത് കൊണ്ട് മാത്രം കാര്യമായില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണ് പ്രധാനമന്ത്രിയും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇത്തരമൊരു അഭിപ്രായം മുന്നോട്ടു വച്ചത്. 


ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്‌ അവരോട് സംസാരിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശം നല്‍കിയത്. അങ്ങനെ ദളിതന്‍റെ വീട്ടില്‍ അത്താഴമെന്ന നാടകവും നേതാക്കള്‍ ആരംഭിച്ചു. അതോടെ വിവാദങ്ങളും ആരംഭിച്ചു. യു.പിയിലെ ബി.ജെ.പി മന്ത്രി സുരേഷ് റാണ സ്വന്തം ഭക്ഷണവും വെള്ളവുമായി ദളിതന്‍റെ ഭവനത്തില്‍ എത്തിയത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. 


നേതാക്കന്മാരുടെ ഇത്തരം നടപടികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഉമാഭാരതിയും പ്രതികരിച്ചിരുന്നു. ദളിതന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ടുമാത്രം ദളിതനോടുള്ള വിവേചനം ഇല്ലാതാക്കാന്‍ കഴിയില്ല എന്നും പകരം ദളിതനെ നമ്മുടെ വീട്ടിലേക്ക് ക്ഷണിച്ച്‌ ഭക്ഷണം കൊടുക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഉമാഭാരതി അഭിപ്രായപ്പെട്ടത്.