കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളിലും അക്രമങ്ങള്‍ നടന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ അക്രമങ്ങള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ടവകാശം വിനിയോഗിച്ചതും പശ്ചിമ ബംഗാളിലാണ് എന്നത് മറ്റൊരു വസ്തുത. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഇതുവരെ നടന്ന എല്ലാ ഘട്ടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും ആറാം ഘട്ടത്തിലെത്തിയപ്പോള്‍ അത് രണ്ട് പ്രവര്‍ത്തകരുടെ മരണത്തിലാണ് കലാശിച്ചിരിക്കുന്നത്.


ഒരു ബിജെപി പ്രവര്‍ത്തകനും ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണ് ആറാം ഘട്ടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 


ബംഗാളിലെ ജാര്‍ഗ്രാമിലാണ് ബിജെപി പ്രവര്‍ത്തകനായ രമണ്‍ സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ബൂത്ത്‌ പ്രസിഡന്‍റ് ആയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ ആരോപണം തൃണമൂല്‍ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 


അതേസമയം, ശനിയാഴ്ച ബന്ധുവിനെ സന്ദര്‍ശിക്കാനായി ആശുപത്രിയില്‍ പോയ തൃണമൂല്‍ പ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടെടുത്തു. ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയ സുധാകര്‍ മെയ്തി തിരികെയെത്താത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസാണ് കാന്തിയില്‍നിന്നും ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെടുത്തതായി വിവരം ബന്ധുക്കളെ അറിയിക്കുന്നത്. സുധാകര്‍ മെയ്തിയെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 


അതേസമയം, മറ്റൊരു സംഭവത്തില്‍ 2 ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്‌ ഉണ്ട്. അനന്ത ഗുചയ്ത്, രഞ്ജിത് മെയ്തി എന്നിവര്‍ക്കാണ് വെടിയേറ്റത്. കിഴക്കന്‍ മെട്നിപൂരിലാണ് സംഭവം നടന്നത്. ഇരുവരും ഇപ്പോള്‍ ചികിത്സയിലാണ്.


കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്.