മുംബൈ: നഗരത്തിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്കും പ്രവേശാവകാശമുണ്ടെന്ന് ബോംബെ ഹൈകോടതിയുടെ വിധി. സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.  അന്യപുരുഷന്‍ന്‍റെ ഖബറിടം ദര്‍ശിക്കുന്നത് ഇസ് ലാമില്‍ പാപമാണെന്ന് ചുണ്ടിക്കാട്ടിയാണ് നിരോധത്തെ ഹാജി അലി ദര്‍ഗ ട്രസ്റ്റ് ന്യായീകരിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശം നിരോധിക്കുന്നത് മൗലികാവകാശം നിഷേധിക്കലാണെന്ന് കോടതി പറഞ്ഞു.


അതേസമയം, ഹാജി അലി ദര്‍ഗ ട്രസ്റ്റിന് വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒന്നര മാസത്തെ സമയം അനുവദിച്ച കോടതി  അതുവരെ വിധി നടപ്പാക്കരുതെന്ന് നിര്‍ദേശിച്ചു. 2011ലാണ് ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരോധിച്ചത്. അതുവരെ ഖബറിടത്തിനടുത്ത് സ്ത്രീകളും പ്രവേശിച്ചിരുന്നു. ദര്‍ഗയിലും പരിസരത്തും സ്ത്രീകള്‍ക്ക് വരാമെങ്കിലും ഖബറിടത്തിലേക്ക് കടക്കാന്‍ പാടില്ല. ട്രസ്റ്റിനെതിരെ മുസ്ലിം സ്ത്രീ സംഘലടനകളും മറ്റും രംഗത്തുവന്നെങ്കിലും കോടതിയെ സമീപിച്ചത് അടുത്തിടെയാണ്.