ലഖ്നൗ: ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലാവുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ കശ്മീര്‍ സന്ദര്‍ശണ നീക്കത്തെ വിമര്‍ശിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച മായാവതി, കേന്ദ്രത്തിനും ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് പ്രതിപക്ഷ നേതാക്കള്‍ ഒരുക്കിക്കൊടുക്കുന്നത് എന്നും അഭിപ്രായപ്പെട്ടു. 


വേണ്ടത്ര ആലോചനയില്ലാതെ പ്രതിപക്ഷ നേതാക്കള്‍ നടത്തിയ സന്ദര്‍ശന ശ്രമം പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്തതെന്നും മായാവതി പറഞ്ഞു.


അംബേദ്കര്‍ രാജ്യത്തിന്‍റെ ഏകീകരണമാണ് ആഗ്രഹിച്ചതെന്നും കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന് അദ്ദേഹം എതിരായിരുന്നുവെന്നും മായാവതി പറഞ്ഞു. അതിനാലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ബിഎസ്പി അനുകൂലിച്ചതെന്നും മായാവതി വ്യക്തമാക്കി. 


കൂടാതെ, 69 വര്‍ഷം പഴക്കമുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമ്പോള്‍, കാര്യങ്ങള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും. കാത്തിരിക്കുക, അല്ലെങ്കില്‍ കോടതിയെ സമീപിക്കുക. അല്ലാതെ ഈ അവസരത്തിലെ കശ്മീര്‍ സന്ദര്‍ശനം കേന്ദ്രത്തിന് ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ അവസരം നല്‍കുമെന്നും മായാവതി പറഞ്ഞു. ട്വീറ്ററിലൂടെയാണ് മായാവതി വിമര്‍ശനം അറിയിച്ചത്. 


കഴിഞ്ഞ 24നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം കശ്മീര്‍ സന്ദര്‍ശനത്തിനായി യാത്ര തിര്ച്ചത്. എന്നാല്‍, സംഘം ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാനായില്ല. 


ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ജമ്മു-കശ്മീര്‍ പൊലീസ് തടഞ്ഞുവെക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം ക്രമസമാധാനത്തെ ബാധിക്കുമെന്നായിരുന്നു ജമ്മു-കശ്മീര്‍ ഭരണകൂടം നല്‍കിയ വിശദീകരണം. 


20 ദിവസങ്ങളായി ജമ്മു-കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതായിട്ട്. പ്രതിപക്ഷ നേതാക്കളോടും മാധ്യമങ്ങളോടും അധികൃതര്‍ അത്യന്തം മോശമായാണ് പെരുമാറിയത് എന്നും സംഭവങ്ങളുടെ ദൃശ്യങ്ങള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത്. 


ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ടി.എം.സി നേതാവ് ദിനേശ് ത്രിവേദി, ഡി.എം.കെ എം.പിമാര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.


എന്നാല്‍, ഈ മാസം 4ന് അര്‍ധ രാത്രിമുതല്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒപ്പം മുതിര്‍ന്ന നേതാക്കളടക്കം 4000 പേരെ ഇപ്പോഴും മോചിപ്പിച്ചിട്ടില്ല.