ന്യൂഡല്‍ഹി: കഴിഞ്ഞ 28ന് 14 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. 4 ലോകസഭ മണ്ഡലങ്ങളിലും 10 നിയമസഭ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം പലവിധത്തിലും ദേശീയ ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പായിരുന്നു 28ന് നടന്നത്.


ഉത്തർപ്രദേശിലെ കെയ്റാന, മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര‐ഗോദിയ എന്നിവ കൂടാതെ, നാഗാലാൻഡിലെ ഏക ലോക്സഭാസീറ്റിലേക്കും വോട്ടെടുപ്പ് നടന്നിരുന്നു. 


നുർപുർ (ഉത്തർപ്രദേശ്), ഷാക്കോട്ട് (പഞ്ചാബ്), ജോക്കിഹാട്ട് (ബിഹാർ), ഗോമിയ, സില്ലി (ജാർഖണ്ഡ്), ആംപതി (മേഘാലയ), തരാളി (ഉത്തരാഖണ്ഡ്), മഹേഷ്തല (പശ്ചിമബംഗാൾ), പലൂസ്‐ഗഡേഗാവ് (മഹാരാഷ്ട്ര), ചെങ്ങന്നൂര്‍ (കേരളം) എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തതിനെ തുടർന്ന‌് തെരഞ്ഞെടുപ്പ് മാറ്റിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു. 


4 ലോകസഭ സീറ്റുകളും പ്രധാന്യമര്‍ഹിക്കുന്നതെങ്കിലും കെയ്റാനയിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. കാരണം ഗോരഖ്പൂരിലും ഫുൽപൂരിലും കനത്ത പരാജയം നേരിട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് ഇത് എന്നത് തന്നെ. മറ്റൊരു പ്രധാന സവിശേഷത എന്ന് പറയാവുന്നത് ഈ മണ്ഡലത്തില്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ്സ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുന്നു എന്നതാണ്. 


കെയ്റാനയിലും പരാജയം ആവർത്തിച്ചാൽ ഉത്തർപ്രദേശിൽ ബിജെപിയുടെ നിലനിൽപ്പുതന്നെ പ്രയാസത്തിലാകും. 


മഹാരാഷ്ട്രയിലെ പാല്‍ഘറിലും ശ്രദ്ധേയ പോരാട്ടമാണ് നടക്കുന്നത്. ബിജെപി എംപി ചിന്ദമൻവംഗ മരിച്ചതിനെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തില്‍  ശിവസേനയും ബിജെപിയുമാണ് പരസ്പരം മത്സരിക്കുന്നത്. ചിന്ദമൻവംഗയുടെ മകനെയാണ് ശിവസേന മത്സരിപ്പിക്കുന്നത് എന്നതും ഈ മണ്ഡലം ശ്രദ്ധാകേന്ദ്രമാക്കാന്‍ ഇടയാക്കി. കൂടാതെ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾ ഇവിടെ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.


യോഗി ആദിത്യനാഥ് സർക്കാരിനെതിരായ ജനവികാരം നുർപുർ നിയസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന ആശങ്കയും ഇല്ലാതില്ല.