ന്യൂഡല്‍ഹി: കഴിഞ്ഞ 28ന് നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് നടക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കെയ്റാനയിലേയ്ക്കാണ്. 2019 ല്‍ പ്രതിപക്ഷ കക്ഷികള്‍ പയറ്റാനിരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്‍റെ പരീക്ഷണമാണ് കെയ്റാനയില്‍ നടക്കുന്നത്. ഈ മണ്ഡലത്തില്‍ ഇത്തവണ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ്സ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുകയാണ്. 


അതിനാല്‍ ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം 4 ലോകസഭ സീറ്റുകളും പ്രധാന്യമര്‍ഹിക്കുന്നതെങ്കിലും കെയ്റാനയിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. ഗോരഖ്പൂരിലും ഫുൽപൂരിലും കനത്ത പരാജയം നേരിട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് ഇത് എന്നത് മറ്റൊരു പ്രധാന സവിശേഷത.


കെയ്റാന ദേശീയ ശ്രദ്ധ നേടുമ്പോള്‍ ലീഡും മാറി മറിയുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്ത മണ്ഡലത്തില്‍ ലീഡും രണ്ട് കക്ഷികളേയും പരീക്ഷിക്കുകയാണ്.


ബിജെപി എംപിയായിരുന്ന ഹുക്കും സിംഗ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. ഇതിന്‍റെ ക്ഷീണം മറികടക്കാന്‍ ബിജെപിക്ക് കെയ്റാനയില്‍ വിജയിച്ചേ മതിയാകു. വിജയിച്ചാല്‍ 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിക്കും.


അതേസമയം പ്രതിപക്ഷമാണ് വിജയിക്കുന്നതെങ്കില്‍ അത് അടുത്ത തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മാറ്റി പയറ്റണമെന്ന സൂചനയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നല്‍കാനുള്ളത്. ബിജെപിക്കുവേണ്ടി മൃഗംഗ സിംഗും പ്രതിപക്ഷത്തിനു വേണ്ടി ആര്‍എല്‍ഡിയുടെ തബസ്സും ഹസ്സനും തമ്മിലാണ് മത്സരം.