ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (Citizenship Amendment Act) രാജ്യത്താകമാനം പ്രതിഷേധം ശക്തമായതോടെ നിലപാട് മയപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യാക്കാരനും ബുദ്ധിമുട്ട് ഉളവാക്കില്ല എന്ന് അധികൃതർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

പൗരത്വം തെളിയിക്കാൻ ജനന സമയം, സ്ഥലം എന്നീ രേഖകൾ മാത്രം മതിയാകും, ഭേദഗതി നിയമം ഒരു ഇന്ത്യാക്കാരനെയും ബാധിക്കില്ല. സ്വന്തമായി രേഖകൾ ഇല്ലാത്തവർ പ്രാദേശിക തെളിവുകൾ നൽകിയാൽ മതി, അധികൃതർ വ്യക്തമാക്കി.


അതേസമയം, പൗരത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളെ പോലും ബുദ്ധിമുട്ടിക്കില്ല. ഇന്ത്യൻ പൗരന്മാർ അവരുടെ പഴയ തലമുറയിൽപ്പെട്ടവരുടെ തിരിച്ചറിയൽ കാർഡുകൾ, ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതില്ല. സ്വന്തമായി രേഖകൾ ഇല്ലാത്തവർ പ്രാദേശിക തെളിവുകളും സാക്ഷികളും മാത്രം ഹാജരാക്കിയാൽ മതിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.


അതേസമയം, പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിക്കാനായി, അവരില്‍നിന്നും നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാട് തുടരുമ്പോഴും പ്രക്ഷോഭം തണുപ്പിക്കാനുള്ള ശ്രമം തുടരുകയാണ് സർക്കാർ. നിയമഭേദഗതിയുടെ ചട്ടം രൂപീകരിക്കുന്നതിന് മുൻപ് പ്രതിഷേധക്കാരില്‍നിന്നും ക്രിയാത്മക നിർദേശങ്ങൾ സ്വീകരിക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.