കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി അദ്ധ്യക്ഷനെതിരെ ഉപാദ്ധ്യക്ഷന്‍! 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് നിന്നും 50 ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് നാട് കടത്തുമെന്ന പശ്ചിമബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ പ്രസ്താവനക്കെതിരെയാണ് ബിജെപിയില്‍തന്നെ ഭിന്നാഭിപ്രായം ഉരുതിരിഞ്ഞിരിക്കുന്നത്.


ദിലീപ് ഘോഷിന്‍റെ പ്രസ്താവനക്കെതിരെ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് രംഗത്തെത്തിയത്. ബിജെപിയ്ക്ക്  അംഗബലമുണ്ടെന്ന് കരുതി രാജ്യത്ത് തീവ്രരാഷ്ട്രീയം നടപ്പിലാക്കാമെന്ന് കരുതരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


"അവര്‍ പറയുന്നത് തെറ്റാണെന്നും നമ്മളാണ് ശരിയെന്നും ജനങ്ങളോട് പറയുകയെന്നതാണ് നമ്മുടെ ജോലി. അല്ലാതെ മര്യാദകെട്ട രീതിയില്‍ സംസാരിക്കലല്ല. പൗരത്വ ഭേദഗതി നിയമത്തിന്‍റെ ഗുണവശങ്ങളെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കുകയാണ് വേണ്ടത്”, അദ്ദേഹം പറഞ്ഞു.


പൗരത്വ ഭേദഗതി ഒരു നിയമമായി പാസാക്കിയതിനുശേഷം സംസ്ഥാന സര്‍ക്കാരുകളെ ചില രീതിയില്‍ അത് ബാധിക്കുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു നിയമം ഒരിക്കലും പൗരന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നത് ആകരുതെന്നും അദ്ദേഹം പറഞ്ഞു.


"'ചെറിയ പരിഷ്‌കരണം വരുത്തുന്നതിലൂടെ പ്രതിപക്ഷത്തിന്‍റെ പ്രചാരണം മുഴുവനായി ഇല്ലാതാക്കാന്‍ നമ്മെ കൊണ്ട് സാധിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തെ ഞാന്‍ അറിയിച്ചിട്ടുണ്ട്. ഒരു മതത്തെയും പരാമര്‍ശിക്കാതെ തന്നെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണിതെന്ന് നമ്മള്‍ പ്രത്യേകം പറയേണ്ടതുണ്ട്. ഇതിനോടുള്ള നമ്മുടെ സമീപനം തന്നെ വ്യത്യസ്തമായിരിക്കണം,”- സി.കെ ബോസ് പറഞ്ഞു.


CAA , NRC എന്നിവയെ സംബന്ധിച്ച് സി.കെ ബോസിന്‍റെ അഭിപ്രായത്തിന് വിരുദ്ധമാണ് ബിജെപി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് കഴിഞ്ഞ ആഴ്ച പ്രസ്താവന നടത്തിയത്. CAA നിയമത്തെ എതിര്‍ക്കുന്നവര്‍ നട്ടെല്ലില്ലാത്തവരും പിശാചുക്കളും ഇത്തിള്‍കണ്ണികളുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രതിഷേധങ്ങള്‍ക്കിടെ പൊതു മുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു ദിലീപ് ഘോഷിന്‍റെ ഈ പ്രസ്താവന.


പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു ദിലീപ് ഘോഷിന്‍റെ വിവാദ പ്രസ്താവനകള്‍.