Kolkata: കാറിന്റെ വാതില്‍ തട്ടിയാണ് Trinamool Congress നേതാവ് Mamata Banerjee യുടെ കാലിന് പരിക്കേറ്റതെന്ന് West Bengal ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്. നാലഞ്ചു പേർ ചേർന്ന് തന്നെ ആക്രമിച്ചതാണെന്നു അവർ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലില്ല.  

 

മമതാ ബാനർജി മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മമതയുടെ ആവശ്യ പ്രകാരമാണ് വിട്ടയച്ചതെന്നും ഏഴ് ദിവസത്തിന് ശേഷം വീണ്ടും  പരിശോധന നടത്തണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 

 


 

കൊൽക്കത്തയിലെ എസ് എസ് കെ എം ആശുപതിയിലാണ് അവർ ചികിത്സയിൽ കഴിഞ്ഞത്. മമതയുടെ ഇടത് കാലിന്റെ എല്ലിന് ഗുരുതരമായി പരിക്കേറ്റതായും കൂടാതെ തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റതായും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 

 

മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മമതയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ എല്ലാവരും ആശങ്ക രേഖപ്പെടുത്തിയിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ പ്രതികരിച്ചില്ലെന്ന് തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. കൂടാതെ  അക്രമം അഴിച്ചുവിടാന്‍ ബിജെപി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ നന്ദിഗ്രാമില്‍ എത്തിച്ചതായും അദ്ദേഹം ആരോപിച്ചു.

 

സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തൃണമൂലിൻറെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തളളുന്നതാണ് ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കൂടാതെ സംഭവം നടന്നപ്പോള്‍ റോഡില്‍ മമതയ്ക്ക് ചുറ്റും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നുണ്ട്. 

 


 

റിപ്പോര്‍ട്ടിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ചർച്ച നടത്തുക. മമതയുടെ വാദങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഡല്‍ഹി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. 

 

തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കിയെന്നും ഇത് പരസ്യപ്പെടുത്തണമെന്നും ബിജെപി എംപി ഭൂപീന്ദര്‍ യാദവ് ആവശ്യപ്പെട്ടു. കൂടാതെ ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷും മമതയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ടു വന്നു. സഹതാപം പിടിച്ചു പറ്റി വോട്ടുകള്‍ നേടാനാണ് മമതയുടെ ശ്രമമെന്നും എന്നാല്‍ ഇത്തവണ അത് ഫലമുണ്ടാക്കില്ലെന്നും അദ്ദേഹം  പറഞ്ഞു. 

 

നന്ദിഗ്രാമിൽ നിന്ന് തൃണമൂൽ  കോൺഗ്രസിന് വേണ്ടി താൻ മത്സരിക്കുമെന്നുള്ള മമതാ ബാനർജിയുടെ പ്രഖ്യാപനത്തിന് ശേഷം രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് നന്ദിഗ്രാം. ഇവിടെ മമതയുടെ എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അവരുടെ അടുത്ത സഹായിയായ പ്രവർത്തിച്ചിരുന്ന സുവേന്ദു അധികാരിയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

 


 

തുടര്‍ന്ന് അധികാരിയെ പിന്തുണക്കുന്ന നിരവധി നേതാക്കളും ബിജെപിയിലേക്ക് കൂറുമാറി. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ രംഗത്തെ തന്നെ പിടിച്ചുകുലിക്കിയ നന്ദിഗ്രാമിലെ ഭൂസമരകാലത്തു മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നു സുവേന്ദു അധികാരി. അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റ് കൂടിയാണ്  നന്ദിഗ്രാം. 

 

പശ്ചിമ ബംഗാളിൽ എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.  മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നിങ്ങനെയാണു പോളിങ് തീയതികള്‍. വോട്ടെണ്ണല്‍ മേയ് രണ്ടിന് നടക്കും. 294 സീറ്റുകളിൽ 291 ൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും. ബാക്കി മൂന്നെണ്ണം സഖ്യകക്ഷികൾക്ക് വിട്ടുകൊടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.