കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ വൈറസ് (COVID-19) ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍.
കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭാഗിക lock down ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യപിച്ചിരിയ്ക്കുന്നത്. റെയിൽവേ, മെട്രോ തുടങ്ങിയ പ്രധാന ഗതാഗത സംവിധാനങ്ങള്‍ നിറുത്തുകയും രാജ്യത്തെ 75 ല്‍ അധികം ജില്ലകൾ അടച്ചിടാനുള്ള നിര്‍ദ്ദേശ൦ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്.
അതേസമയം, ഡല്‍ഹി, ഝാര്‍ഖണ്ഡ്, പഞ്ചാബ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അടിസ്ഥാന സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം, അതായത് സ്കൂള്‍, കോളേജ്, ഓഫീസ്, മാര്‍ക്കറ്റ് എന്നിവയെല്ലാം ഈ സംസ്ഥാനങ്ങളില്‍ അടഞ്ഞു കിടക്കുകയാണ്. കോവിഡ് -19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ഇതേ മാതൃക പിന്തുടരുകയാണ്.
എന്നാല്‍, വൈറസ് ബാധ ചെറുക്കുന്നതിനായി കടുത്ത നടപടികളിലേയ്ക്ക് കടക്കുകയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനത്തേയ്ക്കുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവര്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
വൈറസ് തടയാനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗ്ഗം സാമൂഹിക അകലം (social distancing) പാലിക്കുക എന്നതാണ്. എന്നാല്‍, ആഭ്യന്തര വിമാനങ്ങൾക്ക് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങളൊന്നുമില്ല എന്നും മമത ചൂണ്ടിക്കാട്ടി.
അതേസമയം, വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് പിന്നാലെ ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കിയേക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി സൂചന നല്‍കിയിരിക്കുകയാണ്.
ഇന്ത്യയില്‍ ഇതിനോടകം, 415, COVID-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, വൈറസ് ബാധയില്‍ 8 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.