ന്യൂഡല്‍ഹി: അമിത കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ചാനലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാരാണ് പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളില്‍ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പരസ്യങ്ങള്‍ നിരോധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും റാത്തോഡ് വ്യക്തമാക്കി.


കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും ചാനലുകളെ സര്‍ക്കാര്‍ വിലക്കിയിരുന്നു. കുട്ടികളില്‍ അനാരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരത്തില്‍ കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന കാരണത്താല്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.