ന്യൂഡല്‍ഹി: പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിന് വിവാദങ്ങളില്‍നിന്നും മോചനമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുകയും ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് സെന്‍സര്‍ ബോര്‍ഡ് തലവന്‍ പ്രസൂണ്‍ ജോഷിക്ക് അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്.
 
മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇതിന് മറുപടി നല്‍കണമെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നിര്‍ദേശിച്ചിരിക്കുകയാണ്.


ചിത്രത്തിന്‍റെ റിലീസിനെതിരെ കാംത പ്രസാദ് സിംഗാള്‍ നല്‍കിയ ഹര്‍ജിയാണ് ഇതിലേക്ക് നയിച്ചത്. ചിത്രത്തില്‍ സതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ ചിത്രം നിരോധിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. 


2017 നവംബര്‍ 9ന് ഹര്‍ജി പരിഗണിച്ച കോടതി ഇത് തള്ളുകയും ഹര്‍ജിക്കാരനോട് സെന്‍സര്‍ ബോര്‍ഡ് തലവനെ സമീപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹര്‍ജിക്കാരിയുടെ പരാതിയിന്മേല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ സെന്‍സര്‍ ബോര്‍ഡ് തലവന്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 


എന്നാല്‍, നിര്‍ദിഷ്ട സമയം കഴിഞ്ഞിട്ടും പ്രസൂണ്‍ ജോഷി മറുപടി നല്‍കാതിരുന്നതിനേ തുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്.


ഫെബ്രുവരി 12നാണ് ഇനി കേസ് പരിഗണിക്കുക.