കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും കൊമ്പുകോര്‍ക്കുന്നു. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പൊലീസ് കമ്മീഷണല്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞതാണ് ഈ നാടകീയ സംഭവങ്ങളുടെ തുടക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


അതേസമയം മമതാ ബാനര്‍ജി രാജീവ് കുമാറിന്റെ വീട്ടിലെത്തി. 15 സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.


തൃണമൂൽ നേതാക്കൾ പ്രതികളായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ടാണ് പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാൻ ഞായറാഴ്ച വൈകീട്ടോടെ 40 അംഗ സി.ബി.ഐ സംഘം എത്തിയത്.  കമ്മിഷണറുടെ പാർക്ക് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ എത്തിയതും പോലീസ് ഇവരെ തടഞ്ഞു. കമ്മിഷണറെ കാണണമെന്നു ശഠിച്ച സി.ബി.ഐ. ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി ആദ്യം പാർക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്സ്പിയർ സരണി പോലീസ് സ്റ്റേഷനിലേക്കും മാറ്റി. 


അമിത് ഷായെയും യോഗി ആദിത്യനാഥിനെയും രഥയാത്ര നടത്തുന്നതില്‍ നിന്ന് തടഞ്ഞത് കൊണ്ട് തനിക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് മമത ആരോപിക്കുന്നത്. 


അതേസമയം സിബിഐ നടപടിക്കെതിരെ കുത്തിയിരിക്കല്‍ പ്രതിഷേധം നടത്തുകയാണ് മമത. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാനാണ് പ്രതിഷേധമെന്ന് അവര്‍ പറഞ്ഞു. ഏറ്റവും മികച്ച പൊലീസ് ഓഫീസറാണ് രാജീവ് കുമാറെന്നും മമത പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്.


സംസ്ഥാനത്തിനും കേന്ദ്രത്തിനും ഓരോ അന്വേഷണ ഏജന്‍സികളുണ്ട്. ശ്യാംലാല്‍ ബാനര്‍ജി കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അതിലെ റിപ്പോര്‍ട്ട് പുറത്തുവരട്ടെ. ബിജെപി സ്വന്തം അഴിമതി ആദ്യം അന്വേഷിക്കട്ടെയെന്നും മമത പറഞ്ഞു.


അതേസമയം, മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. ബംഗാള്‍ സര്‍ക്കാരിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.


എന്നാല്‍ മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും ആരോപിച്ച് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കി. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി.


അതേസമയം സിപിഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമര്‍ശിച്ചു. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസില്‍ ഇപ്പോള്‍ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാന്‍ തൃണമൂലും നാടകം കളിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സിബിഐയെ ജോലി ചെയ്യാന്‍ അനവദിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം.


അതേസമയം പശ്ചിമബംഗാളിലെ സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും ഇന്ന് പ്രക്ഷുബ്ധമാക്കും. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. 


കേന്ദ്രം സിബിഐയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് നോട്ടീസ്. ബിജെപി പ്രതിപക്ഷത്തെ ചെറുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇരു സഭകളിലും അജണ്ടയിലും ഉണ്ടെങ്കിലും സ്തംഭിക്കാനാണ് സാധ്യത.