ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍റെ ഇടപെടലുകള്‍ സൈനിക നിയമങ്ങള്‍ക്കും മനുഷ്യത്വപരമായ മാനദണ്ഡങ്ങള്‍ക്കും എതിരാണെന്ന് പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 


സാധാരണ ജനങ്ങള്‍ക്ക് നേരെ പാക് ഭീകരത തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്. ഞായാറാഴ്ച അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഗുരുതരമായ പരിക്കേറ്റു. 


അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗ്രാമങ്ങളിലെ നിഷ്കളങ്കരായ ജനങ്ങള്‍ക്കെതിരെ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പാകിസ്ഥാന്‍റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.