ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതനുസരിച്ച് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി വാർത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാജ വാര്‍ത്ത സംബന്ധിച്ച പരാതി സര്‍ക്കാര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നിവയ്ക്ക് കൈമാറും. പ്രസിദ്ധീകരിച്ചതോ പ്രക്ഷേപണം ചെയ്തതോ ആയ വാര്‍ത്ത വ്യാജമാണോ എന്ന് ഈ ഏജന്‍സികള്‍ പരിശോധിക്കും. 15 ദിവസത്തിനകം പരിശോധിച്ച് സര്‍ക്കാരിന് മറുപടി നല്‍കണം. 


വ്യാജവാർത്ത നല്‍കിയതായി കണ്ടെത്തിയാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും പരാതി ലഭിച്ചാൽ ഒരു വർഷത്തേക്കായിരിക്കും നടപടി. മൂന്നാമതൊരു തവണ കൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.