ശ്രീഹരിക്കോട്ട: ആ ചരിത്രനിമിഷത്തിന് ഇനി വെറും മിനിട്ടുകള്‍ മാത്രം ബാക്കി.... ദൃക്സാക്ഷിയാവാന്‍ പതിനായിരങ്ങള്‍.... ഇന്ത്യ ലോകത്തിന്‍റെ നെറുകയിലേയ്ക്ക്...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ജനത ആവേശത്തോടെ കാത്തിരിക്കുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2വിന്‍റെ വിക്ഷേപണത്തിന് ഇനി വെറും മിനിട്ടുകള്‍ മാത്രം ബാക്കി. 


ഐ.എസ്.ആര്‍.ഒയില്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണ്. നിർണായക ഘട്ടമായ ദ്രവീകൃത ഹൈഡ്രജൻ ക്രയോജനിക് എഞ്ചിനിൽ നിറച്ച് കഴിഞ്ഞു. 


ഉച്ചതിരിഞ്ഞ് 2:43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ചന്ദ്രയാന്‍-2 കുതിച്ചുയരുക. 
 
വിക്ഷേപണത്തിന് മുന്നോടിയായി ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച 6:43ന് കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു.


വിക്ഷേപണത്തിന്‍റെ 48ാം ദിവസം വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.


ചന്ദ്രയാൻ-2 വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒയുടെ ഫേസ്ബുക്കിലും ട്വിറ്ററിലും സംപ്രേഷണം ചെയ്യും. കൂടാതെ, വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങള്‍ ദൂരദര്‍ശന്‍റെ യൂട്യൂബ് ചാനലിലും ഐ.എസ്.ആര്‍.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.isro.gov.in എന്നിവയിലും ലഭ്യമായിരിക്കുമെന്ന്‍ ഐ.എസ്.ആര്‍.ഒ വക്താവ് അറിയിച്ചു.


എന്നാല്‍, മുന്‍പ് നടന്ന വിക്ഷേപണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സാധാരണക്കാര്‍ക്ക് വിക്ഷേപണം കാണുവാനുള്ള സൗകര്യം ഐ.എസ്.ആര്‍.ഒ ഒരുക്കിയിട്ടുണ്ട്. ഏകദേശം 7500 പേരാണ് വിക്ഷേപണം കാണുവാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. 


പൊതുജനങ്ങള്‍ക്ക്‌ വിക്ഷേപണം കാണുവാനായി ഒരു പ്രത്യേക ഗാലറിയാണ് ഐ.എസ്.ആര്‍.ഒ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഒരുക്കിയിരിക്കുന്ന ഗാലറിയില്‍ പതിനായിരം പേര്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വിക്ഷേപണം കാണുവാനുള്ള സൗകര്യം ഒരുക്കുമെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് അറിയിച്ചു.