ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുമ്പോള്‍ ചൈനയെ നിരീക്ഷിക്കാന്‍ അജിത് ഡോവല്‍....!!
രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനിക മേധാവികളുമടക്കം രാജ്യത്തെ പതിനായിരത്തോളം വരുന്ന പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ന്യൂഡല്‍ഹി : രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനിക മേധാവികളുമടക്കം രാജ്യത്തെ പതിനായിരത്തോളം വരുന്ന പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
എന്നാല്‍, ഏറെ ആശങ്ക ജനിപ്പിക്കുന്നതും ഗുരുതരവുമായ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറെ അവസരോചിതമായി ഇടപെടുകയാണ്.
അതായത് ചൈന ഇന്ത്യയെ നിരീക്ഷിക്കുമ്പോള്‍ ചൈനയെ നിരീക്ഷിക്കാനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ NSA (National Security Advisor) അജിത് ഡോവലിന് (Ajit Doval) നല്കി....!!
ചൈനയുടെ നീക്കങ്ങള്‍ അന്വേഷിച്ചു വിലയിരുത്തി യഥാസമയം റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഏല്പിച്ചു. ആഭ്യന്തര സുരക്ഷ സംബന്ധിക്കുന്ന പ്രശ്നമായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് തന്നെ നേരിട്ട് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നതിനിടെയാണ് ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.
ഇന്ത്യയുടെ സുപ്രധാന നേതാക്കളേയും സൈനിക മേധാവികളേയും അവരുടെ കുടുംബാങ്ങളേയും ചൈന നിരീക്ഷിക്കുന്നതായാണ് രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന സൂചന. സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് നിരീക്ഷണം.
ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഒരു സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നത്. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനു പിന്നില്‍ എന്നാണ് സൂചന. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഈ വര്‍ത്ത പുറത്ത് വിട്ടത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ജനറല്‍ ബിപിന്‍ റാവത്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡേ, സി.എ.ജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ , മന്‍മോഹന്‍ സിംഗ്, സ്മൃതി ഇറാനി, സോണിയ ഗാന്ധി , ഉദ്ധവ് താക്കറെ, ശിവരാജ് സിംഗ് ചൗഹാന്‍, മായാവതി, ശശി തരൂര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്. ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീമനായ ടാറ്റായുടെ ചെയര്‍മാന്‍ രത്തന്‍ ടാറ്റയടക്കം 10,000 പേരെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് സുചന.
കൂടാതെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്.
സൈബര്‍ രംഗത്തെ ഒരു കമ്പനി വഴി എല്ലാവരുടേയും സമൂഹ മാധ്യമങ്ങളിലെ പ്രസ്താവനകളും പ്രസംഗങ്ങളും നിരന്തരം ശ്രദ്ധിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.
വിവരസാങ്കേതിക മേഖലകളിലെ ചാരപ്രവര്‍ത്തനം ചൈന പല ലോകരാഷ്ട്രങ്ങളിലും നടത്തുന്നുവെന്ന തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇന്ത്യയിലും അന്വേഷണം നടക്കുന്നത്.
അതേസമയം, ഈ വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.കൂടാതെ ഡൽഹിയിലെ ചൈനീസ് എംബസിയും ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല എന്നാണ് എംബസി വ്യക്തമാക്കിയത്...