ന്യൂഡല്‍ഹി:  പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂല്‍ കഴുത്തില്‍ കുരുങ്ങി ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു.. മൂന്ന് വയസുകാരി സാഞ്ചി ഗോയല്‍, നാല് വയസ്സുകാരന്‍ ഹാരി എന്നീ കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് കാറില്‍ മടങ്ങവേയായിരുന്നു സംഭവം.  കാറിന്‍റെ  സണ്‍റൂഫിലൂടെ കാഴ്ച്ചകള്‍ കാണുകയായിരുന്ന സാഞ്ചിയുടെ കഴുത്തില്‍ പട്ടത്തിന്‍റെ പൊട്ടിയ  ചരട് കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സാഞ്ചിയെ ആശുപത്രിയിലെത്തിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും യാത്രമധ്യേ മരണത്തിന് കീഴടങ്ങി. 


ഈ അപകടം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം രാത്രി എട്ട് മണിയോടെയാണ് അച്ഛനമ്മമാര്‍ക്കും മൂത്തസഹോദരിക്കുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ ഹാരിയുടെ കഴുത്തിലും സമാനമായ രീതിയില്‍ ചൈനീസ് നൂല്‍ മരണകുരുക്കിട്ടത്. കഴുത്തിനേറ്റ മുറിവില്‍ നിന്ന് ചോരവാര്‍ന്നതോടെ ഹാരിയുമായി കുടുംബം ആസ്പത്രിയിലേക്ക് കുതിച്ചു. എന്നാല്‍   യാത്രമധ്യേ ഹാരിയെന്ന മൂന്നു വയസുകാരനും മരണത്തിന് കീഴടങ്ങി. 


ഡല്‍ഹിയില്‍ ഇതുവരെ നാല് പേരാണ് ചൈനീസ് മാഞ്ച കഴുത്തില്‍ കുരുങ്ങി മരിച്ചത്. നേരത്തെ, ബൈക്ക് യാത്രികനായ യുവാവും പട്ടത്തിനുപയോഗിക്കുന്ന ചൈനീസ് മാഞ്ച കഴുത്തില്‍ കുരുങ്ങി മരിച്ചിരുന്നു. ഒരു പൊലിസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചൈനീസ് മാഞ്ച സര്‍ക്കാര്‍ നിരോധിച്ചു. ഇതിന്‍റെ ഉത്പാദനവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പട്ടം പറത്തുവാനായി സാധാരണ നൂലുകള്‍ ഉപയോഗിക്കാനും ഉത്തരവുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.