ന്യൂഡല്‍ഹി: മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ സ്ഥാനത്ത് നിന്നും രാജിവെച്ച താഹില്‍ രമാനിക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവര്‍ക്കെതിരായ ഇന്റലിജന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് രഞ്ജന്‍ ഗോഗോയാണ് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.


താഹില്‍ രമാനി ചെന്നൈയില്‍ ഫ്ലാറ്റ് സ്വന്തമാക്കിയെന്നും വസ്തു വാങ്ങാന്‍ കൈക്കൂലി പണമാണ് ഉപയോഗിച്ചതെന്നും ആരോപിക്കുന്നുണ്ട്. 3.28 കോടി രൂപയുടെ രണ്ടു ഫ്ലാറ്റുകളാണ് താഹില്‍ രമാനി വാങ്ങിയത്.  ഇതില്‍ ഒന്നരകൊടി വായ്പയെടുത്തതാണ്. 


ബാക്കി തുക എവിടെനിന്നാണെന്നുള്ള വിവരം താഹില്‍ രമാനി വെളിപ്പെടുത്തിയിട്ടില്ലയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് താഹില്‍ രമാനി രാജിവെച്ചത്.  ഇതിനെതിരെ താഹീല്‍ രമാനി അപ്പീല്‍ നല്‍കിയെങ്കിലും ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. 


മദ്രാസ്‌ ഹൈക്കോടതിയില്‍ വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രത്യേക ബെഞ്ച്‌ താഹില്‍ രമാനി പിരിച്ചുവിട്ടിരുന്നു. തമിഴ്നാട് മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തിനെതിരായ ഉത്തരവുകള്‍ ഈ ബെഞ്ചിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.


ഈ നേതാവുമായുള്ള ബന്ധമാണ് യാതൊരു കാരണവും കാണിക്കാതെ ഈ ബെഞ്ച്‌ പിരിച്ചുവിടുന്നതിന് പിന്നിലെന്നാണ് ഇവര്‍ക്കെതിരായ രണ്ടാമത്തെ ആരോപണം. 


വിജയ താഹില്‍ രമാനിയുടെ പേരില്‍ ആറു ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.  


അഞ്ചുപേജുള്ള അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ്‌ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.