ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഇന്ന് നടത്താനിരുന്ന കന്നി പ്രസംഗം ഉപേക്ഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സഭയില്‍ സംസാരിക്കാനായി സച്ചിന്‍ എഴുന്നേറ്റെങ്കിലും കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം കാരണം പ്രസംഗം നടത്താനായില്ല.  2 ജി സ്പെക്‌ട്രം കേസില്‍ വിധി വന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വയ്ക്കുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ മോദി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട്‌ മാപ്പു പറയണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം.  


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളുടെ കളിക്കാനുള്ള അവകാശം, സ്പോര്‍ട്സിന്‍റെ ഭാവി എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ ഇന്ന് പ്രസംഗിക്കേണ്ടിയിരുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിട്ടും രാജ്യസഭയിലെ തന്‍റെ അസാന്നിധ്യം കൊണ്ട് സച്ചിന്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.


രാജ്യസഭയിലേയ്ക്ക് 2012 ലാണ് സച്ചിന്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും സഭയിലെ അസാന്നിധ്യം തുടര്‍ന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു. സച്ചിന്‍റെ അംഗത്വ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രമേ ശേഷിക്കുന്നുള്ളൂ.


ഓഗസ്റ്റിലായിരുന്നു ഇതിനു മുന്‍പ് സച്ചിന്‍ സഭയില്‍ എത്തിയത്. എന്നാല്‍, അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല. സച്ചിനൊപ്പം ബോളിവുഡ് താരം രേഖയുടെയും അസാന്നിധ്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.