ന്യൂഡല്‍ഹി:  കോവിഡ്-19  സ്വാഭാവിക വൈറസല്ലെന്നും, ലാബില്‍ നിന്നും ഉണ്ടായതാണെന്നുമുള്ള അമേരിക്കയുടെ വാദത്തെ പിന്തുണച്ച്  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 


COMMERCIAL BREAK
SCROLL TO CONTINUE READING

'കോവിഡ് ഒരു പ്രകൃതിജന്യ വൈറസല്ല. ഇത് ഒരു കൃത്രിമ വൈറസാണ്. ഇപ്പോള്‍ ലോകത്തെ പല രാജ്യങ്ങളും വാക്സിന്‍ വികസിപ്പിച്ചെടുക്കാനായി ഗവേഷണം നടത്തുകയാണ്. എത്രയും വേഗം വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, പിന്നെ യാതൊരു പ്രശ്നവുമില്ല', ഗഡ്കരി പറഞ്ഞു.  കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെക്കുറിച്ച്‌ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


കൊറോണവൈറസിനോടൊപ്പം ജീവിക്കുന്നതിന്‍റെ  കല നാം സ്വായത്തമാക്കണം. ഇത് സ്വാഭാവിക വൈറസല്ല. കൃത്രിമമായി സൃഷ്ടിച്ചതാണ്.  വാക്സിന്‍ കണ്ടെത്തിയാല്‍  മാത്രമേ പ്രശ്നം ഒഴിവാകുകയുള്ളൂവെന്നും ഗഡ്കരി പറഞ്ഞു.


കൊറോണ വൈറസ് ലാബില്‍ നിന്നും പുറത്തു വന്നതാണ്‌ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള ചില ലോക നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ആ അഭിപ്രായത്തിന് പിന്തുണയുമായി ഒരു നേതാവ് എത്തുന്നത്‌.  


വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അബദ്ധത്തില്‍ പുറത്തുവന്നതാണെന്നും വാദമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദത്തെ ചൈന തള്ളിക്കളഞ്ഞിരുന്നു.  വൈറസ് മനുഷ്യ നിര്‍മിതമല്ലെന്ന് ലോകാരോഗ്യ സംഘടനയും  വ്യക്തമാക്കിയിരുന്നു.