കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ ജീവന്‍ പണയം വച്ച് നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂനെ നായിഡു ഹോസ്പിറ്റലിലെ നഴ്‌സായ ഛായാ ജഗ് തപിനെ ഫോണില്‍ വിളിച്ച് മോദി അഭിനന്ദനം അറിയിക്കുകയായിരുന്നു. ഡ്യൂട്ടിയ്ക്കായി ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ്‌ ഛായായ്ക്ക് ഫോണ്‍ വരുന്നത്.


ഫോണെടുത്ത് ചെവിയില്‍ വച്ച ഛായയ്ക്ക് മറുതലയ്ക്കല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വിശ്വസിക്കാനായില്ല. മറാത്തിയിലാണ് മോദി ഛായയോട് സംസാരിച്ചത്. ഛായയുടെ കുടു൦ബാംഗങ്ങളുടെ വിശേഷമാണ് മോദി ആദ്യം ചോദിച്ചത്. 


തുടര്‍ന്ന്, കൊറോണ വൈറസ് രോഗികളെ കുറിച്ചായിരുന്നു ഇരുവരുടെയും സംഭാഷണം. കൊറോണ ഭീതിയോടെയാണ് പലരും ആശുപത്രിയിലേക്ക് വരുന്നതെന്നും തങ്ങളാല്‍ സാധിക്കും വിധം അവരെ ആശ്വസിപ്പിച്ച് ആത്മധൈര്യ൦ നല്‍കാറുണ്ടെന്നും ഛായ മോദിയോട് പറഞ്ഞു. 


ഇതുവരെ ഏഴ് പേര്‍ ഡിസ്ചാര്‍ജ്ജായതായും അതുക്കൊണ്ട് തന്നെ രോഗം വന്നാല്‍ ഭയക്കേണ്ടതില്ലെന്നും ഛായ പറഞ്ഞു. കൊറോണയ്ക്കെതിരായി പോരാട്ടത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പങ്കാളികളാകണമെന്നും മോദിയുടെ അഭിനന്ദനം അതിനു പ്രചോദനമാകണമെന്നും ഛായ പറഞ്ഞു. 


പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി രാജ്യത്താകമാനമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുമെന്നാണ് ഛായാ ജഗ് തപ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി മഹാരാഷ്ട്രയിലെ നായിഡു ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് ഛായ. ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാരുടെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഛായയെ തേടി മോദിയുടെ വിളിയെത്തിയത്.