മുംബൈ: ഇന്ത്യയിലെ നഗരത്തിലേയും ഗ്രാമത്തിലേയും നിരത്തുകളില്‍ സര്‍വ്വ സാധാരണമാണ് ഇപ്പോള്‍ പശുക്കള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രാമങ്ങളിലെ സ്കൂളുകള്‍ വൈകുന്നേരങ്ങളില്‍ ഗോശാലയായി മാറുന്ന കാഴ്ചയും സാധാരണമാണ്. എന്നാല്‍, ഐഐടി മുംബൈയില്‍ നടന്നതതായി പറയുന്ന ഒരു സംഭവത്തിന്‍റെ വീഡിയോ ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.


ബോംബൈ ഐഐടിയിലെ ക്ലാസ് റൂമില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത അതിഥി ക്ലാസിലേക്ക് കടക്കുന്നത്. അതിഥി മറ്റാരുമല്ല, പശു തന്നെ!! ക്ലാസില്‍ കടന്ന പശു അദ്ധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും മുന്നിലൂടെ യാതൊരു ഭയവും കൂടാതെ നടന്നു നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. പശുവിനെ കണ്ട് വിദ്യാർഥികൾ പേടിച്ച് വഴിമാറുന്നതും വീഡിയോയില്‍ കാണാം. 


ചില വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.


വീഡിയോ വൈറലായതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും പുതിയ ഇന്ത്യയുടെ മുഖമാണെന്നുമുള്ള  സോഷ്യല്‍ മീഡിയ പരിഹാസവും ഒപ്പമെത്തി.


അതിനിടെ, പശു, "ജെഇഇ" പാസായിട്ടാണോ വന്നത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്!!


എന്നാല്‍, ഐഐടി ബോംബൈ അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടില്ല. ഇത് ഏത് ക്യംപസാണെന്ന്‍ വ്യക്തമല്ലെന്നും ഇനി ഐഐടി ബോംബെയാണെങ്കില്‍ തന്നെ പുതിയ വീഡിയോ ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഐഐടി അധികൃതര്‍ പ്രതികരിച്ചു. 


'ഈ വീഡിയോയിലുള്ളത് ഏത് ഐഐടിയുമാകാം. മാത്രമല്ല തീയ്യതി രേഖപ്പെടുത്താത്തതുകൊണ്ട് തന്നെ പഴയ വീഡിയോയുമാവാം' ഐഐടി ബോംബെ വക്താവ് പറഞ്ഞു.  


അതേസമയം, അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ ക്യാംപസിൽ ഗോശാല നിർമ്മിക്കാനുള്ള നീക്കത്തിലാണ് ഐഐടി ബോംബെ. ഉദ്യോഗസ്ഥരും ക്യാംപസിലെ പശു പ്രേമി അസോസിയേഷനും ചേർന്ന് ക്യാംപസിൽ ഇതിനായി സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ. ക്യാംപസിനകത്തെ ഹോസ്റ്റൽ കെട്ടിടങ്ങളിൽ നിന്നും അക്കാദമിക് ബ്ലോക്കുകളിൽ നിന്നും അകത്തേക്ക് മാറിയുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.