ഭുവനേശ്വര്‍: ഉഗ്രരൂപം പൂണ്ട് ഫോനി ഒഡീഷാ തീരത്തേയ്ക്ക് ആഞ്ഞടിക്കുന്നു. ഒഡീഷയിലെ പുരിയിലാണ് ഫോനി കരതൊട്ടത്. കനത്ത കാറ്റും മഴയുമാണ് ഇപ്പോള്‍ ഒഡീഷയില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


വരുന്ന ഒരു മണിക്കൂറിനുള്ളില്‍ ഫോനി പൂര്‍ണമായും കരയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. മണിക്കൂറില്‍ 240 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയിലാണ് പുരിയില്‍ കാറ്റ് വീശുന്നത്. 


കരയിലെത്തുന്നതോടെ ഫോനിയുടെ തീവ്രത കുറയുമെന്നാണ് കണക്കാക്കുന്നത്. ബംഗാളിലെത്തുന്നതോടെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.


ഭുവനേശ്വറില്‍ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തിലാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തില്‍ വരെ ഇവിടെ തിരമാലകള്‍ ആഞ്ഞടിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലായി.


ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ നിന്നുള്ള 11 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന ദുരന്ത നിവാരണ നടപടിയാണിത്. 


ഒഡീഷയിലെയും ആന്ധ്രയിലെയും ഗ്രാമീണ മേഖലകളില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു. മാത്രമല്ല അടിയന്തര രക്ഷാ പ്രവര്‍ത്തനത്തനത്തിനായി കേന്ദ്രം 1086 കോടി രൂപ അനുവദിച്ചു.