ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച പുലര്‍ച്ചെ വീശിയ കാറ്റില്‍ വിവിധ ജില്ലകളിലായി 11 പേര്‍ മരിച്ചു. തമിഴ്നാടിന്‍റെ വടക്കന്‍ മേഖലയിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. 


ഇവിടെ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 81,000ല്‍ അധികം പേരെ ഇതിനകംതന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്‌നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റിന്‍റെ തീവ്രത കുറയാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. ബാലചന്ദ്രന്‍ അറിയിച്ചു. 


ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം ഗൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.


അതേസമയം, കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


ഇന്നുമുതല്‍ നവംബര്‍ 19 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.