COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെതാണ് ഈ സുപ്രധാന വിധി. 


5 പേരില്‍ 3  പേര്‍ ഈ തീരുമാനത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഒരു മാസത്തിലേറെ വാദം കേട്ട ശേഷമായിരുന്നു വിധി. 


സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ് സിംഗ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗും ഹാജരായിരുന്നു. 


അതേസമയം, ഭരണഘടനാ ബെഞ്ച്‌ ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുകയാണ്. ലെഫ്റ്റനൻറ് ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ സഹായവും ഉപദേശവും അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതാണ് അതില്‍ മുഖ്യമായത്. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അധികാരം ലെഫ്റ്റനൻറ് ഗവര്‍ണര്‍ക്കാണ് എങ്കിലും ആരും ആര്‍ക്കും മുകളില്‍ അല്ല എന്ന കാര്യം ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി. 


കൂടാതെ രാജ്യ തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരു൦ ഒന്നിച്ച് നീങ്ങണമെന്നും വിധി പുറപ്പെടുവിച്ച ബെഞ്ച് അഭിപ്രായപ്പെട്ടു. അതുകൂടാതെ എല്ലാ കാര്യങ്ങളും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെടേണ്ട ആവശ്യമില്ല എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.


ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാരും പരസ്പരം ഐക്യത്തോടെ നീങ്ങണമെന്നും എല്ലാ കാര്യങ്ങളിലും ഗവര്‍ണര്‍ക്ക് ഇടപെടാന്‍ സാധിക്കില്ലെന്നുമായിരുന്നു വാദത്തിനിടെ ഭരണഘടനാ ബെഞ്ച് മുന്‍പേ നീരീക്ഷിച്ചിരുന്നു. 


ഇതോടെ ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനൻറ് ഗവര്‍ണറും തമ്മില്‍ നടന്നുവന്നിരുന്ന ശീതയുദ്ധത്തിന് വിരാമമായി എന്ന് കരുതാം.