ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. ഏറെ നാളുകളായി ബിജെപി നേതൃത്വവുമായി കലഹപ്പെട്ടിരുന്ന സിന്‍ഹ, പല കാരണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായ വ്യത്യാസത്തിലുമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ രാജിവെയ്ക്കുന്നതെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് സിന്‍ഹ സൂചിപ്പിച്ചു. ഭരണഘടനാ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മിഷന്‍, രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവയെ അധികാരത്തിന്‍റെ സ്വാധീനമുപയോഗിച്ച് കൈപ്പിടിയിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


നോട്ട് നിരോധനം, ജിഎസ്ടി, സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ മോദിയേയും അമിത് ഷായേയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.


ജനവികാരം മനസ്സിലാക്കാതെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശിച്ചുകൊണ്ട് എംപിമാര്‍ക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തെത്തിയത്.