ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സംഭവത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധം ശക്​തമാക്കുന്നതി​ന്‍റെ ഭാഗമായാണ്​ പാർലമെൻറിനു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തുന്നത്​. പാർലമെൻറിലെ ഗാന്ധി പ്രതിമക്ക്​ മുമ്പിലാണ്​ ധർണ്ണ.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ്, സിപിഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി തുടങ്ങി 13 പാര്‍ട്ടികളുടെ എംപിമാരാണ് ധര്‍ണ്ണ ഇരിക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, കനിമൊഴി തുടങ്ങിയവര്‍ ധര്‍ണക്കെത്തിയിട്ടുണ്ട്.


നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും പ്രധാമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്ന്‍ ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒപ്പം ലോകസഭയില്‍ വോട്ടെടുപ്പോട് കൂടിയ ചര്‍ച്ചയും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല.


ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ ഇന്ന് 200റോളം പ്രതിപക്ഷ എംപിമാര്‍ ധര്‍ണ്ണ നടത്തുന്നത്. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലും ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ റാലി നടക്കും.


കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നേരിട്ട് സഭയിലെത്തി വിശദീകരണം നല്‍കണമെന്ന് അവശ്യപ്പെട്ട് രാജ്യസഭയിലും, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധം നടുത്തളത്തില്‍ ഇറങ്ങി ശക്തമാക്കിയിരുന്നു. 


അതേസമയം, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള കേരളത്തിലെ ബിജെപി നേതാക്കള്‍ ഇന്ന് ഡെല്‍ഹിയില്‍ അരുണ്‍ ജെയ്റ്റ്‌ലിയും ആയി കൂടിക്കാഴ്ച നടത്തും.