ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച സംഭവത്തില്‍ ഇന്നും പാര്‍ലമെന്റില്‍ ബഹളം.  വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി പറയണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച ഇരുന്നൂറോളം വരുന്ന പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിക്കാനും തീരുമാനിച്ചു. 
പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷത്തിനൊപ്പം ചേരും.


രാരാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ശക്തമാണ്. രാജ്യസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അതിനിടെ, പ്രതിപക്ഷം ചർച്ചയ്ക്കു തയാറാകുന്നില്ലെന്നും പാർലമെന്റിന്‍റെ നടപടികൾ തടസ്സപ്പെടുത്തുന്നതിനു ശ്രമിക്കുകയാണെന്നും ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.


തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്ലക്കാര്‍ഡുകളേന്തി പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നോട്ട് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാരും യോഗം ചേര്‍ന്നു.


അതേസമയം, ഡൽഹിയിലെ അനന്ത് പ്രർബത് മേഖലയിലെ എടിഎമ്മിനു മുന്നിൽ ക്യൂ നിന്നവരെ പുലർച്ചെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. നോട്ട് അസാധുവാക്കൽ മൂലമുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അവരോട് ചോദിച്ചറിയുകയും ചെയ്തു. നോട്ട് അസാധുവാക്കൽ മൂലമുള്ള പ്രശ്നങ്ങളെക്കുറിച്ച് രാഹുൽ ഇന്ന് പാർലമെന്റിൽ സംസാരിച്ചേക്കുമെന്നാണ് കരുതുന്നത്.