റോഹ്തക്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം തടവ്.  മൂന്ന് വ്യത്യസ്ത കേസുകളിലായി 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 


സിബിഐ സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ജഗ്ദീപ് സിംഗ് ആണ് വിധി പ്രഖ്യാപിച്ചത്. ഗുർമീത് റാം റഹീം സിങിന് സാധാരണ തടവുകാരന് ലഭിക്കുന്ന പരിഗണനയില്‍ കൂടുതല്‍ ഒന്നും നൽകരുതെന്ന് സി.ബി.ഐ കോടതി വിധിയിൽ വ്യക്തമാക്കുന്നു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് നല്‍കണമെന്ന് അദ്ദേഹം കോടതിയോട് കരഞ്ഞു കൊണ്ട് അപേക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌.  ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.