Karnataka Assembly Election 2023: ബിജെപി 125-130 സീറ്റുകൾ നേടും, കനത്ത വിമത നീക്കങ്ങള്‍ക്കിടെ ആത്മവിശ്വാസത്തോടെ ബിഎസ് യെദിയൂരപ്പ
Karnataka Assembly Election 2023: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ പാര്‍ട്ടി നേതാക്കള്‍ സന്തുഷ്ടരാണ് എന്നും BJP കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നും ബിഎസ് യെദിയൂരപ്പ
Karnataka Assembly Election 2023: കർണാടകയിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ BJP 125-130 സീറ്റുകൾ നേടി അധികാരം നിലനിര്‍ത്തുമെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചൊവ്വാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 189 സീറ്റുകളില്‍ 125-130 സീറ്റുകൾ ബിജെപി നേടുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ പാര്‍ട്ടി നേതാക്കള്‍ സന്തുഷ്ടരാണ് എന്നും BJP കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ വിയോജിപ്പ് തിരഞ്ഞെടുപ്പ് ഫലത്തെ തടസ്സപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. മുതിർന്ന നേതാക്കളുടെ വിമത നീക്കങ്ങള്‍ക്കും രാജിയ്ക്കും ഇടയിലാണ് യെദിയൂരപ്പയുടെ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്.
എന്ത് വന്നാലും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകുമെന്ന് ഏറെക്കുറെ ഉറപ്പാണെന്നും ബിഎസ് യെദിയൂരപ്പ വ്യകതമാക്കി.
Also Read: Mars Transit 2023: അടുത്ത 3 മാസം ഈ രാശിക്കാര്‍ക്ക് തകര്‍പ്പന്‍ സമയം!! സമ്പത്ത് വര്‍ഷിക്കും
അതേസമയം, മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് പുതുമുഖങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയത് പാര്‍ട്ടി നേതാക്കളെ നീരസപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ഇതിനോടകം മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി പാർട്ടി അംഗത്വം രാജിവെച്ചു. യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. ഇദ്ദേഹം ഗനിഗ ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവുമാണ്.
ഞാൻ എന്‍റെ തീരുമാനമെടുത്തു. ഭിക്ഷാപാത്രവുമായി ചുറ്റിനടക്കുന്ന ആളല്ല ഞാൻ. ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരനാണ്. ആരുടെയും സ്വാധീനത്തിൽ ഞാൻ പ്രവർത്തിക്കുന്നില്ല എന്നാണ് രാജിവച്ചതിന് ശേഷം ലക്ഷ്മൺ സാവഡി അഭിപ്രായപ്പെട്ടത്.
ബെലഗാവി നോർത്ത്, രാംദുർഗ് മണ്ഡലങ്ങളിലെ സിറ്റിംഗ് എംഎൽഎമാരായ അനിൽ ബെനകെ, മഹാദേവപ്പ ശിവലിംഗപ്പ യാദവാദ് എന്നിവർക്കും ബിജെപി ടിക്കറ്റ് നിഷേധിച്ചു. പകരം രവി പാട്ടീൽ, ചിക്കരെവണ്ണ എന്നിവരെ യഥാക്രമം ബെലഗാവി നോർത്തിലും രാംദുർഗിലും മത്സരിപ്പിക്കാൻ പാർട്ടി രംഗത്തിറക്കി. ഈ നീക്കം എംഎൽഎമാരുടെ അനുയായികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇരു നേതാക്കളുടെയും വിമത നീക്കം വടക്കൻ കർണാടക, കിറ്റൂർ കർണാടക മേഖലകളിൽ പാർട്ടിക്ക് സാരമായ ദോഷം വരുത്തുമെന്നാണ് വിലയിരുത്തല്‍. രണ്ട് നേതാക്കളും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരാണ്, പതിറ്റാണ്ടുകളായി ബിജെപി പാർട്ടിക്കൊപ്പമാണ്. കർണാടകയില്‍ ലിംഗായത്ത് സമുദായത്തിന്‍റെ വോട്ട് ഏറെ നിര്‍ണ്ണായകമാണ്.
അതേസമയം, ബിജെപി വിമതരെയും അത്രുപ്തരേയും വേട്ടയാടാന്‍ കോണ്‍ഗ്രസും ജെഡിഎസും ശക്തമായി രംഗത്തുണ്ട്. കോൺഗ്രസ്. പാർട്ടി ഇതിനകം സാവഡിയെ സമീപിച്ചിരുന്നുവെന്നും മറ്റ് മുതിർന്ന നേതാക്കളുമായും ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്.
അതേസമയം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് ശേഷിക്കുന്ന 35 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേർന്നു. ശേഷിക്കുന്ന സീറ്റുകളുടെ ലിസ്റ്റ് വ്യാഴാഴ്ച പുറത്തുവിടുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...