ന്യൂഡല്‍ഹി: ഒരു ചെറിയ ട്രാൻസ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് ദൂരദര്‍ശന്‍ ഇന്ത്യയില്‍ പ്രക്ഷേപണം ആരംഭിച്ചിട്ട് ഇന്നേക്ക് 58 വര്‍ഷങ്ങള്‍. പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ രാജ്യത്തെ ആദ്യത്തെ പൊതുപ്രക്ഷേപണ ടെലിവിഷനാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1965-ൽ ഓൾ ഇന്ത്യാ റേഡിയോയുടെ ഭാഗമായി ദൈനംദിന പ്രക്ഷേപണം ആരംഭിച്ച ദൂരദര്‍ശന്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ  പ്രക്ഷേപണ നിലയങ്ങളിൽ ഒന്നാണ്. 1965 ല്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താ പ്രക്ഷേപണം  ദൂരദര്‍ശന്‍ ആരംഭിച്ചു. പ്രതിമ പുരിയായിരുന്നു ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ വായിച്ചത്. ദൂരദര്‍ശനിലെ വാര്‍ത്താ അവതാരകരെല്ലാം പിന്നീട് ജനങ്ങളുടെ മനസില്‍ ഇടം നേടി. സരള മഹേശ്വരി, സല്‍മ സുല്‍ത്താന്‍, ഷീലാ ചമന്‍, മിനു തല്‍വാര്‍ എന്നിങ്ങനെ വാര്‍ത്താ അവതാരകരൊക്കെ ചലച്ചിത്ര താരങ്ങളെപ്പോലെ ഇന്ത്യാക്കാരുടെ ഓര്‍മ്മകളില്‍ ചിര പ്രതിഷ്ഠ നേടിയവരാണ്. 


ദൂരദര്‍ശന്‍റെ പ്രശസ്തമായ അവതരണ സംഗീതവും ലോഗോയും അവതരിപ്പിക്കപ്പെട്ടത് 1976ലായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികള്‍ ഡിസൈന്‍ ചെയ്ത നിരവധി ലോഗോകളില്‍ 'യിങ്-യാങ്' അനുസ്മരിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയായിരുന്നു. ദൂരദര്‍ശനായി അവതരസംഗീതം ഒരുക്കിയത് സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറും. വാര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്ത്യാക്കാര്‍ക്കിപ്പോഴും പ്രിയപ്പെട്ടതാണ് ദൂരദര്‍ശന്‍റെ അവതരണസംഗീതം. 


പുതിയ കാലത്തിന്‍റെ മാറ്റങ്ങളുള്‍ക്കൊണ്ട് ലോഗോ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ദൂരദര്‍ശനായി. അതിനായി യുവാക്കളില്‍ നിന്ന് ഡിസൈനുകള്‍ ക്ഷണിച്ചിട്ടുണ്ട്. 


ചാനലുകളുടെ ബാഹുല്യത്തിനിടയിലും രാജ്യത്തെ ഏത് മുക്കിലും മൂലയിലും ലഭിക്കുന്ന ഒരൊറ്റ ചാനലേ ഉള്ളൂ. അത് ദൂരദര്‍ശനാണ്. ഇന്ത്യയിലെ 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ് എന്നതാണ് ദൂരദര്‍ശനെ വേറിട്ട് നിറുത്തുന്നത്.