മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത് വമ്പിച്ച വിജയം നേടിയ മലയാള ചലച്ചിത്രമാണ് 'ദൃശ്യം'. മോഹന്‍ലാലിനെ കൂടാതെ മീന, അന്‍സിബ, എസ്തേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ പുതുമകള്‍ നിറഞ്ഞ ഈ ചലച്ചിത്രം 'പാപനാശം' എന്ന പേരില്‍ തമിഴിലും റീമേക്ക് ചെയ്തിരുന്നു. കമല്‍ ഹാസനെ നായകനാക്കി തയാറാക്കിയ റീമേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. 


ഇപ്പോഴിതാ, ചിത്രത്തിലെ കഥയുമായി സാമ്യമുള്ള യഥാർഥ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ഗ്രാമം. കോയമ്പത്തൂരിനടുത്തുള്ള അത്തുക്കൽപ്പാളയം എന്ന ഗ്രാമത്തിലാണ് 'ദൃശ്യം' മോഡല്‍ സംഭവ൦. 


ദിണ്ടിക്കല്‍ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി. മുത്തരശി എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി തമിഴരശി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 


കെ. ഭരത് എന്ന യുവാവുമായി പ്രണയത്തിലായിരുന്ന മുത്തരശി വീട്ടുക്കാരുടെ എതിര്‍പ്പിനെ മറികടന്ന് മാര്‍ച്ചില്‍ വിവാഹിതയായിരുന്നു. എന്നാല്‍, വിവാഹ ദിവസം തന്നെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഭരത് മുത്തരശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 


സംഭവശേഷം എന്ത് ചെയ്യണമെന്നറിയാതെ വന്നതോടെ ഭരത് അമ്മ ലക്ഷ്മിയെ വിവരമറിയിച്ചു. ആരുമറിയാതെ മൃതദേഹ൦ അത്തുക്കല്‍പാളയത്തെ വീട്ടിലെത്തിക്കാനായിരുന്നു വീട്ടുകാരുടെ നിര്‍ദേശ൦. തുടര്‍ന്ന് വീട്ടുക്കാരുടെ സഹായത്തോടെ മൃതദേഹം വീടിനുപിറകില്‍ മറവ് ചെയ്ത ഭരത് ആഴ്ചകള്‍ക്ക് ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്തു. 


വീടിന് പിന്നില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം പുറത്ത് വരുന്നെന്ന വധുവിന്‍റെ പരാതിയെ തുടര്‍ന്ന് നവദമ്പതികളെ വീരച്ചിമംഗലത്തുള്ള യുവതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.തമിഴരസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഭരതിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 


എന്നാൽ, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസിന് മൃതദേഹം കുഴിച്ചിട്ടെന്നു പറഞ്ഞ കുഴിയില്‍ നിന്നും ലഭിച്ചത് നായക്കുട്ടിയുടെ ജഡമായിരുന്നു. തുടര്‍ന്ന്, അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് ഭരതിന്‍റെ അച്ഛൻ കനകരാജിനെ ചോദ്യം ചെയ്തു. 


ചോദ്യം ചെയ്യലിൽ മൃതദേഹം ആ കുഴിയില്‍ നിന്നും മാറ്റിയതായി കനകരാജ് സമ്മതിച്ചു. ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മൃതദേഹം കിടന്നിടത്ത് നായക്കുട്ടിയെ കുഴിച്ചിട്ടതെന്നും ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി മുത്തരശിയുടെ ജഡം കത്തിച്ചെന്നും കനകരാജ് വ്യക്തമാക്കി. 


ഭരതിന്‍റെ അച്ഛനെയും ജ്യോതിഷിയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നും അതിന് ശേഷമേ കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.