കൊല്‍ക്കത്ത: അന്താരാഷ്ട്ര വനിതാദിനത്തില്‍ കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി BJP  പശ്ചിമ ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്...!!


COMMERCIAL BREAK
SCROLL TO CONTINUE READING

NDA സര്‍ക്കാര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പക്കുമ്പോഴാണ് തികച്ചും വിഭിന്നമായ പ്രസ്താവനയുമായി ദിലീപ് ഘോഷ് രംഗത്തെത്തിയത്.


മയക്കുമരുന്നിന്‍റെ സ്വാധീനത്തിലാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നതെന്നായിരുന്നു ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടത്.


രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി (RBU) വിവാദത്തില്‍ കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


'കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വിനാശകരമായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. മയക്കുമരുന്നിന്‍റെ സ്വാധീനത്തില്‍ സ്ത്രീകള്‍ പ്രതിഷേധിക്കുകയും ദിവസം മുഴുവന്‍ ആക്രോശിക്കുകയും ചെയ്യുന്നു. ഇത് അവര്‍ സംസ്കാരം മറന്നുവെന്നും അവര്‍ക്ക് ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അവര്‍ക്ക് മാന്യത നഷ്ടപ്പെട്ടുവെന്നും ഇത് സൂചിപ്പിക്കുന്നു', ദിലീപ് ഘോഷ് പറഞ്ഞു.


'നമ്മുടെ സമൂഹം എവിടേക്കാണ് പോകുന്നതെന്ന് നാമെല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ഈ സ്ത്രീകള്‍ റോഡുകളില്‍ ഇതുപോലെ പെരുമാറിയാല്‍, ആളുകള്‍ അവരോട് എങ്ങനെ പെരുമാറും? അവര്‍ കുറ്റകൃത്യങ്ങളുടെ ഇരകളാകും,' ദിലീപ് ഘോഷ് പറഞ്ഞു. താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഇത് സമൂഹത്തിന്‍റെ തകര്‍ച്ചയാണെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.


അതേസമയം, ദിലീപ് ഘോഷിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഘോഷ് ബംഗാളിലെ സ്ത്രീകളെ അപമാനിച്ചുവെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നേതാവും സംസ്ഥാന നഗരവികസന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.


'അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അദ്ദേഹം ബംഗാളിലെ സ്ത്രീകളെ അപമാനിച്ചു. അദ്ദേഹത്തെ സമൂഹം ബഹിഷ്‌കരിക്കണം. ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരില്‍ സ്ത്രീകളെ അപമാനിക്കരുത്. അയാള്‍ മയക്കുമരുന്നിന്‍റെ സ്വാധീനത്തിലാണോ ഇതൊക്കെ പറഞ്ഞതെന്ന് എനിക്കറിയില്ല,' ഹക്കീം പറഞ്ഞു.