ചെന്നൈ:  മദ്യപിച്ച്‌ വാഹനമോടിച്ച നിയമ വിദ്യാര്‍ത്ഥിയുടെ പോര്‍ഷെ കാര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന 12 ഓട്ടോകളിലിടിച്ചു കയറി.സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു,11 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെ ചെന്നൈയിലെ കത്തീഡ്രല്‍ റോഡിലാണ് സംഭവം. അറുമുഖന്‍ എന്ന ഓട്ടോഡ്രൈവറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ചെന്നൈയിലെ സൗകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതി അഭിഭാഷകനായ വിജയ് ആനന്ദിന്‍റെ മകന്‍ വികാസാണ് പോര്‍ഷെ കാര്‍ ഓടിച്ചിരുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് വിജയിച്ച സുഹൃത്ത് സംഘടിപ്പിച്ച ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വികാസ്. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ ഇയാളുടെ വാഹനം നിയന്ത്രണം വിട്ട് പാര്‍ക്ക് ചെയ്ത ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും വികാസിനും കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കൊന്നും പറ്റിയിട്ടില്ല.


രാത്രികാല ഓട്ടത്തിനായി ഓട്ടോ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാറിലേറെപ്പേര്‍ ഈ സമയം ഉറക്കത്തിലായിരുന്നു. കഴിഞ്ഞ ജൂണിലും ചെന്നൈ നഗരത്തില്‍ ആഡംബര കാര്‍ അപകടം വരുത്തിയിരുന്നു. ഒരു ഐ.ടി കന്പനി ജീവനക്കാരന്‍ ഓടിച്ച ഓഡി കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചിരുന്നു.