കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കുനേരെ നടന്ന അക്രമം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പക പോക്കലെന്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മമതയ്ക്കു ഭയമാണെന്നും അവര്‍ സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു. 
 
‘താന്‍ പ്രതികാരം ചെയ്യുമെന്നു രണ്ടുദിവസം മുന്‍പ് മമതാ ദീദി പറഞ്ഞിരുന്നു. അമിത് ഷായുടെ റോഡ് ഷോയ്ക്കുനേരെ ആക്രമണം നടത്തി 24 മണിക്കൂറിനുള്ളില്‍ അവര്‍ അവരുടെ അജന്‍ഡ നടപ്പാക്കി. സംസ്ഥാനത്തെ ബിജെപി തരംഗത്തില്‍ അവര്‍ക്കു ഭയമുണ്ട്. അവര്‍ ഭയപ്പെടുമ്പോള്‍ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ഓരോരുത്തര്‍ക്കും അറിയാം.’ ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.


അതേസമയം, ബംഗാളിനേക്കാള്‍ സമാധാനപരമായാണ് ജമ്മു-കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
മമതാ ബാനര്‍ജി എല്ലാത്തിനും കൂട്ടുനില്‍ക്കുകയാണെന്നും ജനങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും അത് നിഷ്പക്ഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എന്നാല്‍, ബംഗാളില്‍ അക്രമത്തിനെതിരെ മൗനമാണ് മമത പാലിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.


ഇന്നലെ നടന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്.


സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലുത്തിട്ടുണ്ട്. സംഭവത്തില്‍ ഇരു പാര്‍ട്ടികളും പരസ്പരം പഴിചാരുകയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.


അതേസമയം അക്രമത്തിന് തുടക്കം കുറിച്ചത് ബിജെപി തന്നെയാണെന്നതിന്‍റെ തെളിവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.


കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്‍റെ വീഡിയോ തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ പുറത്തുവിട്ടു. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അമിത് ഷായുടെ പരിപാടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമമുണ്ടാക്കിയെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനായിരുന്നു ബിജെപി ശ്രമമെന്നും അക്രമത്തിന് തുടക്കമിട്ടത് ബിജെപിയാണെന്നും വീഡിയോ പുറത്തുവിട്ടുകൊണ്ട് തൃണമൂല്‍ ആരോപിച്ചു.