ശ്രീനഗര്‍:  കശ്മീര്‍  അശാന്തമായി തന്നെ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു. എട്ടുമുട്ടലില്‍ 3 സൈനികര്‍ വീരമൃത്യു വരിക്കുകയും 4 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതാനും വര്‍ഷങ്ങള്‍ക്കിടെ കശ്മീരില്‍ നടന്ന ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നായിരുന്നു ഇത്. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളിലായിരുന്നു. ഇതേതുടര്‍ന്ന് മൂന്നിടത്തായാണ് വെടിവയ്പ് നടന്നത്. സൈനിക നീക്കത്തില്‍ 3 സൈനികരും കൊല്ലപ്പെട്ടു. അരവിന്ദ് കുമാര്‍, നിലേഷ് സിംഗ്, ഹേത്റാം എന്നീ ജവാന്മാരാണു വീരമൃത്യു വരിച്ചത്.


ഷോപ്പിയാനിലും അനന്ത്നാഗിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഇന്‍റലിജന്‍സ് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് സൈന്യം ഇവിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. 


ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തയിബ ഭീകരസംഘടനകളിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏഴു പേര്‍ ഷോപിയാന്‍ നിവാസികളാണ്. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കൂടാതെ അനന്ത്‌നാഗില്‍ ആക്രമണത്തിനിടെ ഒരു ഭീകരന്‍ കീഴടങ്ങി. 


അതിനിടെ സൈന്യത്തിനെതിരെ കല്ലേറും പ്രതിഷേധ പ്രകടനവും നടത്തിയവരെ പിരിച്ചു വിടാന്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഷോപിയാനില്‍ സൈനിക നടപടിക്കിടെ സംഘടിച്ചെത്തിയവര്‍ ജവാന്മാര്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. സൈനിക നടപടിയില്‍ പ്രതിഷേധിച്ച്‌ താഴ്‌വരയില്‍ രണ്ടു ദിവസത്തെ പണിമുടക്കിനു വിഘടനവാദികള്‍ ആഹ്വാനം ചെയ്തു.


സൈനിക നടപടി തടസ്സപ്പെടുത്താന്‍ ജനങ്ങള്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് ജമ്മുകശ്മീര്‍ ഡിജിപി എസ്‌പി.വൈദ് പറഞ്ഞു. തെക്കന്‍ കശ്മീരിലെ സൈനിക നടപടികളെല്ലാം അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജവാന്മാരുടെ മരണത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.


താഴ്‌വരയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്രത്തോട്, മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ രീതികള്‍ പിന്തുടരണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു.