ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി വീണ്ടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങള്‍ ഞങ്ങളുടെ കഴുത്തറുത്താലും ഞങ്ങള്‍ മുസ്ലിമായി തന്നെ തുടരുമെന്നാണ് ഉവൈസി പറഞ്ഞത്. ഹരിയാനയില്‍ മുസ്ലിം മതവിശ്വാസിയായ യുവാവിന് നേരിടേണ്ടിവന്ന അപമാനത്തേയും അതിക്രമത്തേയും ശക്തമായി അപലപിക്കവേ ആണ് ഉവൈസി ഇപ്രകാരം പറഞ്ഞത്. 



'നിങ്ങള്‍ ഒരു മുസ്ലിം യുവാവിന്‍റെ താടി വടിച്ചു, അവരോടും അവരുടെ പിതാക്കന്‍മാരോടും ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ഞങ്ങളുടെ കഴുത്തറുത്താലും ഞങ്ങള്‍ മുസ്ലിമായി തന്നെ തുടരും. നിങ്ങളെയെല്ലാം ഇസ്‌ലാമിലേക്കു മതം മാറ്റി നിങ്ങളേയും താടി വളര്‍ത്താന്‍ നിര്‍ബന്ധിതരാക്കും', ഉവൈസി മാധ്യമങ്ങളോടു പറഞ്ഞു.


കഴിഞ്ഞ 2ാം തിയതിയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നുപേര്‍ ചേര്‍ന്ന് ഒരു മുസ്ലിം യുവാവിനെ നിര്‍ബന്ധപൂര്‍വം താടി വടിപ്പിച്ചത്. ഗുരുഗ്രാ൦ സെക്ടര്‍ 29 ലായിരുന്നു സംഭവം നടന്നത്. ജഫ്രുദ്ദീന്‍ എന്നയാളാണ് അക്രമത്തിനിരയായത്.


‘ജഫ്രുദ്ദീന്‍ ഇത്തരം മതപരമായ അധിക്ഷേപങ്ങള്‍ ആദ്യം അവഗണിച്ചിരുന്നു. പക്ഷേ, മൂന്നു ചെറുപ്പക്കാരും അക്രമം തുടരുകയായിരുന്നു. തുടര്‍ന്നാണ് ജഫ്രുദ്ദീനെ സലൂണിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് ക്ഷൗരം ചെയ്യിപ്പിച്ചത്.’  ഗുര്‍ഗാവ് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കുറ്റാരോപിതരായ മൂന്നു പേരെയും ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 


അതുകൂടാതെ, നടന്ന സംഭവങ്ങളെക്കുറിച്ച് ആരോടെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്ന് പ്രതികള്‍ ജഫ്രുദ്ദീനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.