ന്യൂഡല്‍ഹി: പാട്ടില്‍ പിഴവ് വരുത്തിയെന്ന് ആരോപിച്ച് മുസ്ലിം നാടോടി ഗായകനെ അടിച്ചുകൊന്ന ദന്താല്‍ ഗ്രാമത്തില്‍ നിന്ന് ഇരുന്നൂറോളം മുസ്ലീങ്ങള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. കൊലപാതകത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അര്‍ധസൈനികരെ ഗ്രാമത്തില്‍ നിയോഗിച്ചെങ്കിലും സ്വന്തം വീടുകളിലേക്ക് തിരികെ വരാന്‍ മുസ്ലിം കുടുംബങ്ങള്‍ വിസമ്മതിക്കുകയാണെന്നാണ് ഔദ്യോഗിക വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജയ്സാല്‍മീര്‍ ജില്ലയിലെ ദന്താല്‍ ഗ്രാമത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടയാണ് നാടോടി ഗായകനായ അഹമ്മദ് ഖാന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ദേവീപ്രീതിക്കായി ആലപിച്ച ഗാനത്തില്‍ പിഴവ് സംഭവിച്ചെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പൂജാരിയായ രമേഷ് സുത്തറും സഹായികളും ചേര്‍ന്ന് അഹമ്മദ് ഖാന്‍റെ സംഗീത ഉപകരണം തകര്‍ക്കുകയും ഗായകനെ അടിച്ചുകൊല്ലുകയും ചെയ്തു. 


കൊലപാതകത്തിന് ശേഷം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിപ്പിച്ചിരുന്നു. സംഭവത്തില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രദേശത്തെ മുസ്ലിം മതവിഭാഗക്കാര്‍ ഇതുവരെയും കൊലപാതകത്തിന്‍റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. പഴയപോലെ ഗ്രാമത്തില്‍ ഇനിയെങ്ങനെ ജീവിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. 


വര്‍ഷങ്ങളായി ഹിന്ദു-മുസ്ലിം മതവിഭാഗക്കാര്‍ സഹിഷ്ണുതയോടെ കഴിഞ്ഞിരുന്ന ഗ്രാമമായിരുന്നു രാജസ്ഥാനിലെ ദന്താല്‍. എന്നാല്‍ അഹമ്മദ് ഖാന്‍റെ കൊലപാതകം ഗ്രാമവാസികളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. ഗ്രാമത്തിന് പുറത്തുള്ള സ്കൂളിലാണ് ഇവരിപ്പോള്‍ അഭയം തേടിയിരിക്കുന്നത്. ഇവരെ തിരിച്ച് ഗ്രാമത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികാരികള്‍.