ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഒഡിഷ. ഏതു പ്രതിസന്ധിഘട്ടത്തെയും നേരിടാന്‍ തക്ക തയ്യാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരം തൊടുമെന്ന കാലാവസ്ഥാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രക്ഷാ സേനയും കനത്ത ജാഗ്രതയിലാണ്. 8 ലക്ഷത്തോളം ആളുകളെ സുരക്ഷതിമായ ഇടങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 


മുന്‍കരുതലെന്നവണ്ണം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാവികസേന, ഇന്ത്യൻ വ്യോമസേന, തീരസംരക്ഷണസേനകൾ എന്നിവയെല്ലാം ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലാണ്.


ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ഡിസ്ററേഷൻ റെസ്പോൻസ് ആക്ഷൻ ഫോഴ്സ്, അഗ്നി ശമന സേന എന്നിവയെ നിരവധി മേഘലകളില്‍ വിന്യസിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ 8 ലക്ഷം ആളുകളെ സുരക്ഷതിമായ ഇടങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.


ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒ‍ഡീഷയിലെ 11 ജില്ലകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്മീഷന്‍ അറിയിച്ചു.


കൂടാതെ, നേരത്തെ വോട്ടെടുപ്പ് പൂര്‍ത്തിയായ ജഗത്സിങ് പൂര്‍, ജഗപതി എന്നിവിടങ്ങളിലുള്ള ഇവിഎം മെഷീനുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു. ഒപ്പം ഇവിടങ്ങളിലുള്ള ഇവിഎമ്മുകളുടെയും ബാലറ്റ് യൂണിറ്റുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പുരിയിലെ ബലുഖന്ധ ബംഗാള്‍, ശ്രീകാകുളം, വിസിയനഗരം എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരികയാണ്. വന്‍നാശം വിതക്കാനിടയുള്ള ചുഴലിക്കാറ്റില്‍ ജീവഹാനിയും നാശനഷ്ടങ്ങളും പരമാവധി കുറക്കാനുള്ള മുന്‍കരുതല്‍ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.