ന്യൂഡല്‍ഹി: പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തിന്‌ വിദേശ രാജ്യങ്ങള്‍ നല്‍കിയ സഹായധനം കേന്ദ്ര സംസ്ഥാന്‍ സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനിടയാക്കിയിരിക്കുകയാണ്. ഈയവസരത്തില്‍ പ്രളയക്കെടുതിയില്‍ പുനരധിവാസത്തിന് വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായവുമായി മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കര്‍ മേനോനും നിരുപമ റാവുമാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഗള്‍ഫ് സഹായം വേറിട്ട് കാണണമെന്നും സെക്രട്ടറിമാര്‍ വ്യക്തമാക്കി.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം വേണ്ടെന്നായിരുന്നു 2004ല്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നയം. വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയില്‍ ദുരന്തങ്ങളെ മറികടക്കുകയെന്നതാണ് ഇന്ത്യ പിന്തുടരുന്ന നയം. 


ഈയവസരത്തില്‍, 15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റേണ്ടെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ തീരുമാനം. 2004ല്‍ സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്ന നിലപാടാണ്‌ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് കൈക്കൊണ്ടത്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു. 


ദുരന്ത നിവാരണത്തിനായി 20,000 കോടിയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 600 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിമകള്‍ നിര്‍മ്മിക്കാന്‍ 12,000 കോടി ചിലവിടുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രളയത്തില്‍ മുങ്ങി സര്‍വ്വതും നഷ്ടപ്പെട്ട കേരളത്തിന്‌ വെറും തുശ്ചമായ തുകയാണ് അനുവദിച്ചത് എന്നതാണ് വസ്തുത. 


കൂടാതെ, വിദേശ സഹായം സ്വീകരിക്കണ്ട എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം ഈയവസരത്തിലാണ് കേരളത്തിനോടുള്ള ഇരട്ടത്താപ്പ് നയമായി മാറുന്നത്. സംസ്ഥാനത്ത് ആവശ്യമായ തുക നല്‍കാതെ മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായള്‍കൂടി തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു


700കോടി രൂപ അനുവദിച്ച യുഎഇയെ കൂടാതെ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും സഹായം വാഗ്ദാനം ചെയ്‌തിരുന്നു. 


റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഇന്ത്യ അവസാനമായി വിദേശ സഹായം തേടിയത് 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോഴാണ്. ആ അവസരത്തില്‍ അമേരിക്ക ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യ സാമ്പത്തിക സഹായ൦ സ്വീകരിച്ചിരുന്നു. 


കൂടാതെ, പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിനു സൗജന്യ അരി നല്‍കാനാവില്ലെന്ന നിലപാട് കഴിഞ്ഞ ദിവസം കേന്ദ്ര ഭക്ഷ്യമന്ത്രാലയം തിരുത്തിയിരുന്നു. അനുവദിച്ച അരിയുടെ വില ഈടാക്കില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അറിയിച്ചു.