ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശിന്‍റെ മുന്‍ ഗവര്‍ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദം അദ്ദേഹം വഹിച്ചിട്ടുണ്ട്. 1976-77, 1984-85, 1988-89 എന്നീ കാലഘട്ടങ്ങളിലാണ് അദ്ദേഹം യുപി മുഖ്യമന്ത്രിയായിരുന്നത്. 1986-87 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അദ്ദേഹം വിദേശകാര്യ മന്ത്രിയായിരുന്നു.


2007-09 കാലത്താണ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ പദവി വഹിച്ചത്. രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച രാജ്യത്തെ ഏക വ്യക്തി എന്ന അപൂര്‍ ബഹുമതിയും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.


നിലവില്‍ ഉത്തരാഖണ്ഡിന്‍റെ ഭാഗമായ പഴയ ഉത്തര്‍പ്രദേശിലെ നൈനിറ്റാളില്‍ 1925-ലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്.


1942 ഡിസംബര്‍ 14ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അലഹബാദ് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.