ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. രാഷ്ട്രപിതാവിനെ വധിച്ചത് നാഥുറാം വിനായക ഗോഡ്സെ തന്നെയാണെന്നും അതില്‍ ദുരൂഹതയില്ലെന്നുമാണ് കോടതിയെ ബോധിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോഡ്സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് തെളിവില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി.


ഗാന്ധി വധത്തില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 


ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സവര്‍ക്കറുടെ അനുയായികളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 


ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്സെയുടെ തോക്കില്‍ നിന്നല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.  എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിചാരണ കോടതിയുടെ നാലായിരം പേജുകളുള്ള രേഖകളും, 1969ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി വ്യക്തമാക്കി.