പനാജി: അര്‍ദ്ധരാത്രിവരെ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ പരീക്കര്‍ മന്ത്രിസഭയിലെ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. കൂടാതെ, ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ. സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.


മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടിരുന്ന മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി എന്നിവയുടെ നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനമായിരുന്നു അവകാശപ്പെട്ടിരുന്നത്. ബിജെപിക്കായി പലതവണ ത്യാഗം സഹിച്ചിട്ടുണ്ട്. ഇത്തവണ തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് എം.ജി.പി നേതാവ് സുദിന്‍ ധവലികര്‍ ഗഡ്കരിയെ അറിയിച്ചിരുന്നു.


ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. മനോഹര്‍ പരീക്കറിനാണ് തങ്ങള്‍ പിന്തുണ നല്‍കിയിരുന്നത്. അല്ലാതെ ബിജെപിക്കല്ല. ഇനി ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കേണ്ടതുണ്ടോ എന്ന കാര്യം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഒരുദിവസം നീണ്ട് നിന്ന അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് ഗോവയില്‍ ചിത്രം വ്യക്തമായത്. മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ നേരിട്ട ഭരണ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തിയപ്പോഴേയ്ക്കും രാത്രി ഏറെ വൈകിയിരുന്നു. എങ്കിലും, രണ്ട് ഘടകകക്ഷികളുടെ എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെ കേന്ദ്ര നിരീക്ഷകന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി 12 മണിയോടെ രാജ്ഭവനിലെത്തുകയായിരുന്നു. ഗോവ പോലെ ചെറിയ സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ഘടകകക്ഷികളുടെ ആവശ്യത്തെ ബിജെപി ആദ്യം എതിര്‍ത്തെങ്കിലും സമ്മര്‍ദ്ദം ശക്തമായപ്പോള്‍ വഴങ്ങുകയായിരുന്നു.


ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതും തീരുമാനം വേഗത്തിലാക്കാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കി.


പരീക്കര്‍ രോഗ ബാധിതനായത് മുതല്‍ തന്നെ പ്രമോദിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതിനെ ഒരിക്കല്‍ നേരിട്ട് സന്ദര്‍ശിച്ച്‌ ഗോവ മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധതയും പ്രമോദ് നേതൃത്വത്തെ അറിയിച്ചിരുന്നു.


ചാഞ്ചാടി നില്‍ക്കുന്ന ഗോവ രാഷ്ട്രീയത്തിന്‍റെ അമരത്ത് എത്തുമ്പോള്‍ ഈ യുവ നേതാവിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ താത്കാലികമായി അവസാനിച്ചെങ്കിലും രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിര്‍ത്തി ഭൂരിപക്ഷം തെളിയിക്കുകയാകും ആദ്യ പരീക്ഷണം. മറുഭാഗത്ത് ഗോവ പിടിക്കാന്‍ ശക്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസ് അണിയറയില്‍ നടത്തുന്നത്.


അതേസമയം, ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


രണ്ട് ബിജെപി എം.എല്‍.എമാര്‍ രാജിവച്ചതും, ഡിസൂസയും പരീക്കറും മരണപ്പെട്ടതും മൂലം ഗോവ നിയമസഭയിലെ എം.എല്‍.എമാരുടെ പ്രാതിനിധ്യം ഇപ്പോള്‍ 36 മാത്രമാണ്. ഗോവയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്. കോണ്‍ഗ്രസിന് 14, ബിജെപി 12, എന്‍സിപി 1, മഹരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) 3, ഗോവ ഫോർവേർഡ് പാർട്ടി (ജി.എച്ച്.പി) 3, കൂടാതെ 3 സ്വതന്ത്ര എംഎൽഎമാരുമുണ്ട്.


നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 19 സീറ്റാണ് ആവശ്യം. അത് ബിജെപിയെ സംബന്ധിച്ചിടത്തോളം കൈവശമുണ്ട്.