ബെംഗളൂരു: ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജിഭായ് വാലയുടെ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് ആവര്‍ത്തിച്ച് സിദ്ധരാമയ്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. 


യെദ്യുരപ്പയടക്കം 104 എംഎല്‍എമാര്‍ മാത്രമാണ് ബിജെപിക്കുള്ളത്. എന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇത് ഭരണഘടനാവിരുദ്ധമാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം യെദ്യുരപ്പ ചോദിച്ചപ്പോള്‍ 15 ദിവസമാണ് ഗവര്‍ണര്‍ നല്‍കിയതെന്നും സിദ്ധരാമയ്യ ആരോപിച്ചു. 


ചരിത്രപരമായ സുപ്രീംകോടതി വിധിയില്‍ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഇടപെടലുകളാണ് കോടതി നടത്തിയത്. വിശ്വാസ വോട്ടെടുപ്പിന് കൂടുതല്‍ സമയം ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രോട്ടെം സ്പീക്കറുടെ നേതൃത്വത്തില്‍ സഭാനടപടികള്‍ നടത്തി നാളെ നാല് മണിക്ക് തന്നെ വിശ്വാസ വോട്ടെടെപ്പ് പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. രഹസ്യ ബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി.